തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി വികസന കോർപ്പറേഷൻ മെമ്പർ സ്ഥാനം രാജിവച്ച് സംവിധായകൻ ഡോ. ബിജു. രാജിവെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് കത്ത് അയച്ചെന്ന് ഡോ.ബിജു പറഞ്ഞു. ജോലി തിരക്ക് കാരണമാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കം നിലനിൽക്കുന്നതിനിടയിലാണ് രാജി കത്ത് നൽകിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ.ബിജുവിനെ രഞ്ജിത്ത് അവഹേളിച്ചിരുന്നു. ബിജുവൊക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കണമെന്നായിരുന്ന രഞ്ജിത്തിന്റെ പ്രസ്താവന. തുറന്ന കത്തിലൂടെ ഡോ. ബിജു സംവിധായകൻ രഞ്ജിത്തിന് ഇതിനുള്ള മറുപടിയും നൽകിയിരുന്നു. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് കത്തില്‍ രഞ്ജിത്തിനോട് ഡോ.ബിജു പറഞ്ഞത്. ഇതിന് പിന്നാലെ രഞ്ജിത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വൻ വിമർശനങ്ങളാണ് ഉയർന്നത്.















