ന്യൂഡൽഹി: വ്യാജ നോട്ടുകൾ ഇനിമുതൽ ദേശവിരുദ്ധ കുറ്റം. ഭാരതീയ ന്യായ സംഹിതയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ന്യായ സംഹിതയുടെ 113-ാം വകുപ്പ് അനുസരിച്ച് വ്യാജ നോട്ടുകളുടെ നിർമ്മാണവും പ്രചാരവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്‌ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഇത് ഭീകരവാദ പ്രവർത്തനത്തിന്റെ പരിധിയിൽ കൊണ്ടുവരികയായിരുന്നു.
കുറ്റം തെളിയുന്നവർക്ക് ജീവപര്യന്തം തടവിനോ തുക്കുകയറിനോ ശിക്ഷിക്കാം. ഗൂഢാലോചന നടത്തുകയോ അത്തരം പ്രവർത്തനത്തിന് പ്രേരിപ്പിക്കുകയും, ഭീകരവാദ പ്രവർത്തനത്തിന് ബോധപൂർവം സൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവിന് ശിക്ഷ ലഭിക്കും.
ഭാരതീയ ന്യായ സംഹിത ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ ഓഗസ്റ്റിലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. നിലവിലുള്ള ക്രിമിനൽ നിയമങ്ങൾക്ക് പകരമായാണ് ഈ മൂന്ന് ബില്ലുകൾ എത്തിയത്. കൂടുതൽ സൂക്ഷ്മ പരിശോധനയ്‌ക്കായി ഒരു കമ്മിറ്റിക്ക് വിട്ടിരുന്നു. തുടർന്ന് മൂന്നിന്റെയും പരിഷ്കരിച്ച പതിപ്പുകൾ ഇന്ന് വൈകിട്ട് ലോക്സഭയിലാണ് അവതരിപ്പിച്ചത്.