ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. താരത്തിന്റെ 73-ാം ജന്മദിനം ആഘോഷിക്കുന്ന ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രത്തിന് ‘വേട്ടയാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. തലൈവരുടെ മാസ് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം. ജയ്ഭീമിന് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണ് വേട്ടയാൻ. രജനികാന്തിനു പുറമെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, റിതിക സിംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. 1991-ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിനു ശേഷം രജനികാന്തും അഭിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൂടി വേട്ടയാനുണ്ട്. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.
എസ്. ആർ കതിർ ഛായാഗ്രഹണവും അനിരുദ്ധ് സംഗീത സംവിധാനവും ചിത്രത്തിനായി ഒരുക്കുന്നു. അടുത്ത വർഷം ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 ആണ് രജനികാന്തിന്റെ പുറത്തിറങ്ങാൻ നിൽക്കുന്ന മറ്റൊരു ചിത്രം.