2023-24 വർഷത്തെ മിലിട്ടറി നഴ്‌സിംഗ് സർവീസിലേക്കുള്ള തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ അനുസരിച്ചാകും നിയമനം നടക്കുക. വിവിധ തസ്തികകളിലേക്ക് വനിതകൾക്കാണ് അവസരം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സർവ്വകലാശാലയിൽ നിന്നും കരസ്ഥമാക്കിയ എംഎസ്‌സി-നഴ്‌സിംഗ് അല്ലെങ്കിൽ നഴ്‌സിംഗ് ബിഎസ്‌സി എന്നിവയാണ് യോഗ്യത. കൂടാതെ സ്‌റ്റേറ്റ് കൗൺസിലിൽ രജിസ്‌ട്രേഷൻ നൽകിയവർക്കാകും അപേക്ഷിക്കാനാകുക.
21-നും 35-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 1988 ഡിസംബർ 25-നും 2002 ഡിസംബർ 26-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24-ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.
നഴ്‌സിംഗ്, ഇംഗ്ലീഷ് ഭാഷ, ജനറൽ ഇന്റലിജൻസ് എന്നിവയെ ആസ്പദമാക്കി മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലാണ് ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവരുടെ അഭിമുഖം നടക്കുക ഡൽഹിയിലായിരിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ പരിശോധന നടക്കും. എക്‌സ്‌റേയും ഉദരത്തിന്റെ അൾട്രാസൗണ്ട് സോണോഗ്രഫി പരിശോധനയുമാകും നടത്തുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തുടക്കത്തിൽ അഞ്ച് വർഷവും പരമാവധി 14 വർഷവുമാകും സർവീസ് കാലാവധി. രാജ്യത്തെവിടെയുമുള്ള ആർമി, നേവി, എയർഫോഴ്‌സ് എന്നിവയിൽ സേവനമനുഷ്ഠിക്കേണ്ടതായി വരും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26-ആണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.















