ഭോപ്പാൽ: ജീവിതം തന്നെ ഒരു പോരാട്ടമായി കണ്ട വ്യക്തിയായിരുന്നു മദ്ധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്. തിങ്കളാഴ്ച വൈകീട്ട് ഭോപ്പാലിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചയുടൻ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയത്. എന്നാൽ ഈ സന്തോഷത്തിനപ്പുറം കണ്ണ് നിറയുന്ന യാഥാർത്ഥ്യമുണ്ട് ആ ജീവിതത്തിൽ.
കർഷക കുടുംബമായതിനാൽ ചെറിയ കൃഷികൾ ചെയ്തു കൊണ്ടായിരുന്നു പഠനം . അച്ഛൻ പൂനംചന്ദ് യാദവ് മില്ലിൽ ജോലി ചെയ്തിരുന്ന കാലത്ത് വീട്ടിൽ കാര്യമായ വരുമാനമുണ്ടായിരുന്നില്ല. അന്ന് മോഹൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു . എന്നാൽ പഠന ചിലവ് താങ്ങാൻ കുടുംബത്തിന് കഴിയാതെ വന്നു . ഒരു വേള പഠനം നിർത്താൻ പോലും ആലോചിച്ചു. എന്നാൽ പഠനത്തിൽ മിടുക്കനായതിനാൽ സാലിഗ്രാം എന്ന അദ്ധ്യാപകൻ മോഹനെ കൂടെ നിർത്തി , പഠിപ്പിച്ചു. മുഴുവൻ ചെലവും വഹിച്ചു.
മോഹന് ആദ്യം മുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് സ്റ്റുഡന്റ്സ് കൗൺസിൽ അംഗമായി. തിരക്കിലാണെങ്കിലും വീട്ടിലെ മുതിർന്നവരോടുള്ള കടമകളും കൃത്യമായി നിറവേറ്റിയിരുന്നു.അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ നിന്ന് രാഷ്‌ട്രീയം ആരംഭിച്ച മോഹൻ യാദവ് രാഷ്‌ട്രീയ കാര്യങ്ങൾ വീട്ടിൽ പങ്കുവെക്കാറില്ല.
2013ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് മോഹൻ യാദവിനോട് ഒന്നുമാത്രമേ അമ്മ പറഞ്ഞിരുന്നുള്ളൂ , തോറ്റു മടങ്ങരുത്. വോട്ടെണ്ണൽ കഴിഞ്ഞ് വിജയം ഉറപ്പായ മോഹൻ യാദവ് ആദ്യം ചെയ്തത് അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു. ഡോ. മോഹൻ യാദവ് ഉജ്ജയിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനും പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദധാരിയുമാണ്.
മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോഴും മോഹൻ യാദവിന് പറയാനുള്ളത് ഇത്രമാത്രം – മഹാകാലേശ്വരനാണ് ഇവിടുത്തെ മഹാരാജാവ്, ഞാൻ ഒരു സേവകൻ മാത്രം….