ഭോപ്പാൽ: നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കുമെന്നും അക്കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പുരോഗതിയുടെയും വികസനത്തിന്റെയും കാര്യത്തിൽ മദ്ധ്യപ്രദേശ് പുതിയ ഉയരങ്ങളിലേക്ക് കടക്കും. അതിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.
മദ്ധ്യപ്രദേശിൽ വലിയ മുന്നേറ്റത്തോടെ ബിജെപി അധികാരത്തിലെത്തിയതിൽ അതിയായ സന്തോഷമാണുള്ളത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇനിയും തുടരുക തന്നെ ചെയ്യും. മോഹൻ ചൗഹാന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇനിയും നിരവധി വികസന പദ്ധതികൾ നടക്കും. മദ്ധ്യപ്രദേശിന്റെ ശോഭനമായ ഭാവിക്ക് വേണ്ടിയുള്ള പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും ചൗഹാൻ പറഞ്ഞു.
മൂന്ന് തവണ എംഎൽഎയും മദ്ധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മോഹൻ യാദവിനെ ഇന്നലെ നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മോഹൻ യാദവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നാളെ ഭോപ്പാലിൽ നടക്കും. നാളെ രാവിടെ 11.30-ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുക്കും.