തിരുവനന്തപുരം: ഗവൺമെന്റിന്റെ കീഴിലുള്ള വാഹനങ്ങൾക്ക് 2024 ജനുവരി 1 മുതൽ ഇന്ധനം നൽകില്ലെന്ന് പെട്രോൾ പമ്പ് ഉടമകൾ. കഴിഞ്ഞ ആറുമാസമായി സർക്കാരിന് കീഴിലുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ ലക്ഷക്കണക്കിന് രൂപയാണ് പമ്പ് ഉടമകൾക്ക് ലഭിക്കാനുള്ളത്. കുടിശിക നൽകാൻ സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് ഈ നിലപാടെടുക്കാൻ കാരണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.
കണക്കുകൾ പ്രകാരം അഞ്ചു ലക്ഷം മുതൽ 25 ലക്ഷം വരെയാണ് ഇന്ധനം നൽകിയ വകയിൽ ഓരോ പമ്പ് ഉടമകൾക്കും സർക്കാർ നൽകാനുള്ളത്. സർക്കാർ പ്രോജക്ടുകളുടെ ഭാഗമായ കരാറുകാർക്ക് ഇന്ധനം നൽകിയ വകയിലും കോടികളാണ് ഇത്തരത്തിൽ ലഭിക്കാനുള്ളത്. ഒരു മാസത്തിനകം ലഭിക്കേണ്ട പണമാണ് കഴിഞ്ഞ ആറുമാസമായിട്ടും ഉടമകൾക്ക് ലഭിക്കാത്തത്. പോലീസ് വാഹനങ്ങൾക്ക് ഇത് ബാധകമല്ലെന്നും പമ്പുടമകൾ പറഞ്ഞു.
കുടിശിക വരുത്തിയ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വിവിധ വകുപ്പുകളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ച് നൽകിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തി. കുടിശിക തീർത്താൽ ഇന്ധനം തുടർന്നും നൽകുമെന്നും ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.















