വയനാട്: കടുവ ഭീതിയെ തുടർന്ന് വാകേരി ശ്രീനാരായണപുരം എഎൽപി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതിനാൽ പൂതാടി പഞ്ചായത്തിലെ 11-ാം വാർഡായ മൂടക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേയ്‌ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കടുവയെ പിടികൂടാനായി വനംവകുപ്പ് വ്യാപക തിരച്ചിൽ നടത്തുകയാണ്. ഇതിന്റെ ഭാഗമായി 20 അംഗങ്ങൾ അടങ്ങിയ ഒരു പ്രത്യേക ടീം കാട്ടിലേക്ക് പുറപ്പെട്ടതായും വനംവകുപ്പ് അറിയിച്ചു. 20 അംഗങ്ങളുടെ ടീമിൽ വെറ്റിനറി ഡോക്ടർമാരുമുണ്ട്. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ തുടങ്ങിയ മേഖലകളിലേക്കാണ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്.
കടുവ വീണ്ടും ജനവാസ മേഖലകളിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ അധികൃതർ അറിയിച്ചു.















