അവധിക്കാലം മനോഹരമാക്കാൻ ആഗ്രഹിക്കുന്നവരാകും മിക്കവരും. എന്നാൽ എവിടെ പോകണമെന്ന് അറിയാതെ വലയുന്നവരുടെ അറിവിലേക്ക് ചില മികച്ച ഇടങ്ങളെ പരിചയപ്പെടുത്താം. കേരളത്തിന്റെ മനോഹര ഭൂമിയാണ് മധ്യകേരളം എന്നത്. കേരളത്തിന്റെ പ്രകൃതിഭംഗിയും തനിമയും നിറഞ്ഞ ആസ്വാദ്യകരമായ, മധ്യകേരളത്തിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം..
കോട്ടയം
1) ഇല്ലിക്കൽ കല്ല്:- കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്ന് പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്‌ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ പില്ലർ റോക്ക്സിനോട് സാദൃശ്യം പുലർത്തുന്ന പ്രദേശമാണ് ഇവിടം.
2) പൂഞ്ഞാർ കൊട്ടാരം:- കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന ഇടം. പുരാവസ്തുക്കളുടെയും മറ്റ് ഉപകരണങ്ങളുടെയും അപൂർവ ശേഖരം ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ ശൈലിയിലാണ് 600 വർഷത്തെ ചരിത്രം വപറയുന്ന കൊട്ടാരത്തിന്റെ നിർമ്മാണം. കൊട്ടരത്തിനടുത്ത് മധുരയിലെ മീനാക്ഷി ക്ഷേത്രത്തിന് സമാനമായ ക്ഷേത്രവുമുണ്ട്.
3) ഇലവീഴാപ്പൂഞ്ചിറ:- മഞ്ഞും ചാറ്റൽമഴയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇലവീഴാപ്പൂഞ്ചിറയിലേക്ക് സ്വാഗതം. മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഞ്ചിറ. സമുദ്ര നിരപ്പിൽ നിന്ന് 3,200 അടി ഉയരത്തിലാണ് ഇവിടം. മരങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ ഇലകൾ വീഴാരില്ല. ഇതാണ് ഇലവീഴാപ്പൂഞ്ചിറ എന്ന പേരിന് പിന്നിൽ. താഴ്‌വരയിലെ തടാകത്തിൽ ഇലകൾ വീഴാറില്ല. എപ്പോഴും നൂലു പെയ്യുന്നതുപോലെ മഴ പെയ്ത് നിൽക്കുമെന്നതാണ് പ്രധാന ആകർഷണം. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് സമ്മാനിക്കുക.
4) കുമരകം:- കേരളത്തിന്റെ നെതർലൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. കായൽക്കാഴ്ച കണ്ട് ആസ്വദിച്ചുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് കുമരകം മികച്ച ഓപ്ഷനാണ്. വഞ്ചിവീടുകൾ, മോട്ടർ ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. നാടൻ മീൻവിഭവങ്ങൾ കൂട്ടിയുള്ള ഊണും കുമരകത്ത് റെഡിയാണ്. പ്രകൃതിയുടെ നടുവിൽ വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ് കുമരകം കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുമരകം പക്ഷി സങ്കേതം.
5) മലരിക്കൽ:- ആമ്പൽ പൂക്കൾ പടർന്നു കിടക്കുന്ന, മനസ് നിറയ്‌ക്കുന്ന കാഴ്ച കാണമെങ്കിൽ കുമരകത്തിനടുത്തുള്ള മലരിക്കലെന്ന കൊച്ചു ഗ്രാമത്തിലേക്ക് വിട്ടോളൂ. ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്.
ഇടുക്കി
1) മൂന്നാർ:- പൊടിയിൽ നിന്നും ചൂടിൽ നിന്നും ഒന്നുമാറി മനസിന് കുളിർമയേകുന്ന കാലാവസ്ഥ ആസ്വദിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. മനോഹരമായ ഹിൽ സ്‌റ്റേഷനാണ് മൂന്നാർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമാണ് കൊളുക്കുമല പ്ലാന്റേഷൻ, കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഇരവികുളം, ഭൂമിയിലെ ചെറിയ സ്വർഗ്ഗം എന്ന് വിളിക്കാവുന്ന രോസ് ഗാർഡൻസ്, മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ ടോപ്പ് സ്റ്റേഷൻ, എക്കോ പോയിന്റ്, ചീയപ്പാറ വെള്ളച്ചാട്ടം, മാട്ടുപെട്ടി ഡാം, സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി റോക്ക് ക്ലൈംബിംഗ് തുടങ്ങിയവയും സഞ്ചാരികൾക്ക് ആസ്വദിക്കാവുന്നതാണ്.
2) മീശപ്പുലിമല:- പ്രകൃതി മനോഹാരിതയും ഒപ്പം സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് മീശപ്പുലിമലയിലേക്ക് സ്വാഗതം. സമുദ്രനിരപ്പിൽ നിന്ന് 8,000 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.
3) തേക്കടി:- തേക്കടി തടാകത്തിലെ ബോട്ടിംഗ് ആണ് മുഖ്യ ആകർഷണം. അതോടൊപ്പം വനത്തിലൂടെയുള്ള ട്രക്കിംഗും മറ്റും സഞ്ചാരികൾക്ക് ഹരം പകരും. തേക്കടിയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് പെരിയാർ വന്യജീവി സങ്കേതം. തേക്കടിയിലെ പെരിയാർ തടാകവും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
4) വാഗമൺ:- മഞ്ഞും തണുപ്പും പുതച്ച വാഗമണ്ണിനെ ഇഷ്ടപ്പെടത്തവരായി ആരുമുണ്ടാകില്ല.ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. മനം കവരുന്ന പൈൻ കാടുകളും നവ്യാനുഭവം പകരുന്ന മൊട്ടകുന്നുകളും എന്നും എല്ലാവരുടെയും മുഖ്യാകർഷണമാണ്. വാഗമൺ അഡ്വെഞ്ചർ പാർക്ക്, ഗ്ലാസ് ബ്രിഡ്ജും ആകർഷണീയമാണ്. മികച്ച ഓഫ്റോഡ് അനുഭവം നൽകാനായി ഉളുപ്പൂണിയും സഞ്ചാരികളെ വരവേൽക്കാനായി കപ്പക്കാനം തുരങ്കവുമുണ്ട്. കുരിശുമല, തങ്ങൾപ്പാറ, മുരുകൻ മല എന്നിവിടങ്ങളും സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്. തേയിലത്തോട്ടങ്ങളിലൂടെയുള്ള നടത്തവും പ്രത്യേക അനുഭൂതി തന്നെ സമ്മാനിക്കും.
5) രാമക്കൽമേട്:- സാഹസിക പ്രേമികൾക്കും പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും ഒരേ പോലെ പ്രിയപ്പെട്ട ഇടം. കുറവൻ കുറത്തി മലയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഓഫ്‌റോഡ് യാത്ര ഇഷ്ടമാണെങ്കിൽ രാമക്കൽമേട്ടിൽ നിന്നും ജീപ്പുകളിൽ ആമപ്പാറയിലേക്ക് പോകാം.സാഹസികതയുമായി ആസ്വദിക്കാൻ പറ്റുന്നയിടമാണ് ആമപ്പാറ. സോളാർ പാടവും കാണാം.
തമിഴ്‌നാട് അതിർത്തിയിൽ കമ്പം താഴ്‌വരയെ നോക്കി നിൽക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാർത്ഥത്തിൽ ഇത്. ഏലത്തോട്ടങ്ങൾക്കും ചായത്തോട്ടങ്ങൾക്കും മുകളിൽ വിശാലമായ കുന്നിൻപരപ്പിലാണ് കിഴക്കു നോക്കി നിൽക്കുന്ന ഈ പാറക്കെട്ടുകൾ. ഇതിലൊരു പാറയിൽ വലിയൊരു കാൽപ്പാദത്തിന്റെ പാടു കാണാം. സീതാന്വേഷണ കാലത്ത് ഭഗവാൻ രാമൻ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്നും പേരു വീണു.
ക്രിസ്മസ്, പുതുവത്സര അവധി കളറാക്കാം; ഇത്തവണ തെക്കൻ കേരളത്തിലേക്ക് ആയാലോ യാത്ര? കിടിലൻ സ്പോട്ടുകൾ
എറണാകുളം
1) തട്ടേക്കാട്:- പക്ഷിനിരീക്ഷണവും വിസ്മയക്കാഴ്ചകളുമാണ് തട്ടേക്കാട് പകരുന്ന അനുഭൂതി. കാട്ടിലൂടെയുള്ള ട്രക്കിങ്ങും ഇവിടെയുണ്ട്. തട്ടേക്കാട് വനംവകുപ്പിന്റെ രണ്ട് ബോട്ടുകളുമുണ്ട്. 20 പേർക്ക് സഞ്ചരിക്കാം. ഒരു മണിക്കൂർ കാടിന്റെ നിശ്ശബ്ദതയിൽ ആറു കിലോമീറ്റർ സഞ്ചരിക്കാം.ശലഭോദ്യാനം, അക്വേറിയം, ഫിഷ് ഫീലിങ് ഏരിയ, വന്യജീവി പുനരധിവാസ കേന്ദ്രം, നക്ഷത്രവനം, ഔഷധ സസ്യോദ്യാനം തുടങ്ങിയവയും സങ്കേതത്തിലുണ്ട്.
2) ബോൾഗാട്ടി പാലസ്:– എട്ട് ഏക്കർ വരുന്ന സ്ഥലത്ത് തണൽ മരങ്ങളും പുൽത്തകിടികളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന കൊട്ടാരം ഡച്ചുകാർ നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളിൽ ഒന്നാണ്. മരത്തിൽ നിർമ്മിച്ച ഫർണ്ണിച്ചറുകളും, ഓട് പാകിയ മേൽക്കൂരയും, വലിയ ജനാലകളും വാതിലുകളും ഹാളുകളുമൊക്കെ കൊട്ടാരത്തിന് അഴക് പകരുന്നതാണ്. മനോഹരമായ ഇന്റീരിയർ ബോൾഗാട്ടി കൊട്ടാരത്തിന്റെ സവിശേഷതയാണ്.
3) ഭൂതത്താൻകെട്ട് ഇക്കോ ടൂറിസം:– കൊടും വേനൽക്കാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാമാണ് ഭൂതത്താൻകെട്ട്. പേരറിയാത്ത വൻവൃക്ഷങ്ങളും അപൂർവ സസ്യജാലങ്ങളും ഗുഹയും വലിയ പാറക്കെട്ടുകളും ഭൂതത്താൻകെട്ട് ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ്. പെരിയാറിനെയും വന്യജീവികളേയും കാണാം. ബോട്ടിംഗാണ് പ്രധാന ആകർഷണം. ഹൗസ് ബോട്ടും സ്പീഡ് ബോട്ടും ലഭിക്കും. ഒരു മണിക്കൂർ യാത്രയ്‌ക്ക് 150 രൂപ. ഹൗസ് ബോട്ടിൽ 40 പേർക്കും സ്പീഡ് ബോട്ടിൽ 8-10 പേർക്കും സഞ്ചരിക്കാം. വനമേഖലയിലൂടെ ഞായപ്പിള്ളി വരെ യാത്ര. തടാകത്തോട് ചേർന്ന് ട്രീ ഹട്ടും സജ്ജമാക്കിയിട്ടുണ്ട്. പെഡൽ ബോട്ടിംഗ്, മീൻ പിടിത്തം, ആംഫി ഓപ്പൺ തിയേറ്ററിൽ പ്രാദേശിക-ആദിവാസി വൈവിധ്യ കലാരൂപം അരങ്ങേറും. നാടൻ ഭക്ഷ്യമേളയും സംഘടിപ്പിക്കും.
4) പൂയംകുട്ടി:- പുലിമുരുകന്റെ ചിത്രീകരണത്തിലൂടെ പ്രശസ്തമായ ഇടമാണ് പൂയംകുട്ടി. ഈറ്റക്കാടുകളും കുളിർജലമൊഴുകുന്ന നദികളും വൻമരങ്ങളും ചേർന്നാണ് പൂയംകുട്ടിയെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കുന്നത്. പൂയംകുട്ടിപ്പുഴയ്‌ക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്തും ബ്ലാവനയും പരിസരവും ആകർഷകമാണ്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന പുഴയിൽ കുളിച്ചുല്ലസിക്കാനായി സഞ്ചാരികളെത്തുന്നു.
5)ഫോർട്ട് കൊച്ചി:- അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയും പ്രകൃതിഭംഗിക്ക് ഒട്ടും പുറകോട്ടല്ല. സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് ഇവിടം. മട്ടാഞ്ചേരിയിലെ യഹൂദരുടെ ക്വാർട്ടറും പർദേശി സിനഗോഗും മട്ടാഞ്ചേരി കൊട്ടാരവും സന്ദർശകർക്ക് നവ്യാനുഭവം നൽകും. കൊച്ചി ജൈന ക്ഷേത്രം, പോർച്ചുഗീസ് കോട്ടയായ ഫോർട്ട് ഇമ്മാനുവൽ, പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യത്തെ പള്ളിയായ സെന്റ് ഫ്രാൻസിസ് പള്ളി, കേരള കഥകളി കേന്ദ്രം, ചെറായി ബീച്ച് തുടങ്ങിയവയും സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ്. ചീനവലകളും ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങിന്‍തോപ്പുകളും കാണാൻ ആഗ്രഹിക്കുന്നവർക്ക് കുമ്പളങ്ങിക്ക് പുറപ്പെടാം.
തൃശൂർ
1) അതിരപ്പള്ളി വെള്ളച്ചാട്ടം:- കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. പച്ചപ്പിന്റെ ഭംഗിയിൽ പ്രിയപ്പെട്ടവർക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം. ഇതിന് തൊട്ടടുത്ത് തന്നെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും പ്രശസ്തമാണ്. ഇടതൂർന്ന വനങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച തന്നെ മനം കവരും.
2) സ്നേഹതീരം ബീച്ച്:- പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഇടം. സൂര്യാസ്തമന ദൃശ്യങ്ങൾക്കു പ്രസിദ്ധമാണ് ഇവിടം. തീരത്തോടു ചേർന്നുള്ള പാർക്കിൽ വൈകിട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്.
3) പുത്തൂർ മൃഗശാല:- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് ഇവിടുത്തേത്. 70 സെന്റ് മുതൽ ഓരേക്കർ വരെ സ്ഥലത്താണ് മൃഗങ്ങൾക്കു ഇടം ഒരുക്കിയിട്ടുള്ളത്. കിടങ്ങുകൾ കൊണ്ടാണു മൃഗങ്ങളെ വേർതിരിച്ചു നിയന്ത്രിക്കുന്നത്. സന്ദർശകരാണ് കൂട്ടിൽ കയറി മൃഗങ്ങളുടെ അടുത്ത് ചെല്ലുക.
4) പുന്നത്തൂർ ആനക്കോട്ട:- ഭൂമിയിൽത്തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളെ ഒന്നിച്ചുകാണുന്ന സ്ഥലം. ഗുരുവായൂർദേവസ്വത്തിലെ 60ഓളം ആനകളുടെ വാസസ്ഥലമാണിത്.
പാലക്കാട്
1) സൈലന്റ് വാലി ദേശീയോദ്യാനം:- പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിന് അടുത്താണ് ഈ നിത്യഹരിത ജൈവസമ്പന്നത സ്ഥിതിചെയ്യുന്നത്. അഞ്ചുകോടി വർഷംകൊണ്ട് ഉണ്ടായതത്രെ ഈ നിശ്ശബ്ദ വനം. പുഷ്പിക്കുന്ന ആയിരത്തിലേറെ സസ്യ വിഭാഗങ്ങളും 110 വിഭാഗം ഓർക്കിഡുകളും 400ലേറെ വിഭാഗം നിശാശലഭങ്ങളും 200ലേറെ വിഭാഗം ചിത്രശലഭങ്ങളും ഇവിടെയുണ്ട്. കടുവ, കരടി, മ്ലാവ്, പുള്ളിമാൻ, ആന, കാട്ടുപന്നി, പുള്ളിപ്പുലി, സിംഹവാലൻ കുരങ്ങ് എന്നിങ്ങനെ വിവിധ തരം ജീവികളാലും സമ്പന്നമാണ് ഈ സൈലന്റ് വാലി കാടുകൾ. പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തിൽ ദിവസങ്ങൾ താമസിക്കാൻ അനുയോജ്യമായ പ്രദേശമാണിത്. ട്രെക്കിംഗിനും ക്യാംപിംഗിനുമുള്ള സൗകര്യവും ഇക്കോ ടൂറിസം പാക്കേജുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
2) നെല്ലിയാമ്പതി:- മേഘങ്ങളാൽ മൂടപ്പെട്ട കൊടുമുടികളാണ് നെല്ലിയാമ്പതി. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച സ്ഥലമാണ് ഇവിടം. നഗരത്തിന്റെ തിരക്കിൽ നിന്നും മാറി പ്രകൃതിയെ തെട്ടറിയാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സ്ഥമാണ്. സീതാർക്കുണ്ട് വ്യൂ പോയിന്റ് മിക്കവരുടെയും പ്രധാന കേന്ദ്രമാണ്.
3) മലമ്പുഴ:- കാനായി കുഞ്ഞിരാമന്റെ യക്ഷിശിൽപ്പവും മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം എന്നിവയുമെല്ലാം മലമ്പുഴയെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്.
4) പാലക്കാട് കോട്ട:- തെക്കേ ഇന്ത്യയിൽ ത്തന്നെ നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുളള കോട്ടകളിൽ ഒന്നാണിത്. കോട്ടയോടു ചേർന്നു വിശാലമായ മൈതാനത്തിൽ വിശ്രമത്തിനും സായാഹ്ന നടത്തത്തിനും ധാരാളം പേർ എത്താറുണ്ട്.
5) പറമ്പികുളം നാഷണൽ പാർക്ക്:- 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന വന്യജീവി സംരക്ഷണകേന്ദ്രം. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.സിംഹവാലൻ, കടുവ, വരയാട്, പുള്ളിമാൻ, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ സങ്കേതത്തിൽ കാണാം. എണ്ണമറ്റ പക്ഷികളും ചിലന്തികളും ഉരഗ വർഗ ജീവികളും പറമ്പിക്കുളത്തുണ്ട്. പറമ്പിക്കുളം റിസർവോയറിൽ ബോട്ടു യാത്രയ്‌ക്ക് സൗകര്യമുണ്ട്.















