ന്യൂഡൽഹി: ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ)വിദേശസംഭാവനാ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ സിഎൻഐ ലംഘിച്ചതൊടെയാണ് ലൈസൻസ് റദ്ദാക്കിയത്. ഇതൊടെ വിദേശ രാജ്യങ്ങളിൽ നിന്നും അനധികൃത സംഭാവനകൾ സ്വീകരിക്കാൻ ഇവർക്ക് സാധിക്കില്ല.
1970 മുതലാണ് സിഎൻഐ ഭാരതത്തിൽ പ്രവത്തർത്തിച്ചു തുടങ്ങിയത്. അമേരിക്കയും യൂറോപ്പും കാനഡയും അടക്കമുള്ള വിദേശരാജ്യത്തു നിന്നും കോടിക്കണക്കിന് രൂപയായിരുന്നു സിഎൻഐക്ക് ലഭിച്ചിരുന്നത്. എന്നാൽ ഈ പണം എങ്ങനെ ചെലവിട്ടുവെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് ഇവർ സമർപ്പിച്ചിരുന്നില്ല. ഈ ഫണ്ട് മതംമാറ്റങ്ങൾക്ക് ചെലവിട്ടുവെന്നാണ് സൂചന. വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് നിരവധി ചട്ടലംഘനങ്ങൾ ഇവർ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ചർച്ച് ഓഫ് ഇന്ത്യ മുമ്പ് ചർച്ച് ഓഫ് ഇന്ത്യ, പാകിസ്താൻ, ബർമ്മ, സിലോൺ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് അനുസരിച്ചാണ് രാജ്യത്ത് വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള അനുമതി നൽകുന്നത്. എന്നാൽ ചില സന്നദ്ധ സംഘനകളും ഇതര സ്ഥാപനങ്ങളും ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് പ്രകാരം അഞ്ചു വർഷത്തേക്കാണ് ലൈസൻസ് നൽകുന്നത്. അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി മാനദണ്ഡം പാലിക്കുന്നവർക്ക് ലൈസൻസ് പുതുക്കി നൽകും. വിദേശത്ത് നിന്ന് ലഭിച്ച തുക, പണം ചെലവിടുന്ന രീതി എന്ന സംബന്ധിച്ച കൃത്യമായ കണക്കുകൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. എന്നാൽ സിഎൻഐ ഇതൊന്നും പാലിക്കാത്തതാണ് ലൈൻസസ് റദ്ദാക്കാൻ കാരണം.
കഴിഞ്ഞ വർഷം, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഓക്‌സ്‌ഫാം ഇന്ത്യ, സെന്റർ ഫോർ പോളിസി റിസർച്ച് (സിപിആർ), കെയർ ഇന്ത്യ തുടങ്ങിയ നൂറിലധികം സ്ഥാപനങ്ങളുടെ ലൈസൻസ് ചട്ടം ലംഘിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.















