കൊല്ലം: നവകേരള സദസിനായി കടയ്‌ക്കല്‍ ദേവീ ക്ഷേത്രത്തിന്റെ മതില്‍ പൊളിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമെന്ന് വിശ്വാസികൾ. ഡിസംബർ 20ന് ചടയമംഗലം നിയോജക മണ്ഡലത്തിലെ പൊതുയോഗം നടക്കുന്നത് ക്ഷേത്രമൈതാനിയിലാണ്. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ആഡംബര ബസ് മതിൽകെട്ടിനുള്ളിൽ പ്രവേശിപ്പിക്കാനാണ് ക്ഷേത്ര മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ക്ഷേത്ര വിശ്വാസികളുടെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ക്ഷേത്ര സംബന്ധിയല്ലാത്ത രാഷ്‌ട്രീയ, സർക്കാർ പരിപാടികൾ ക്ഷേത്രഭൂമിയിൽ സംഘടിപ്പിക്കുന്നത് ക്ഷേത്രാചാരങ്ങൾക്കും ദേവസ്വം നിയമങ്ങൾക്കും വിരുദ്ധമാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതിയടക്കം നിരവധി വിധികൾ പ്രസ്താവിച്ചിട്ടുണ്ട്. മതിൽ പെളിക്കുമോ ഇല്ലയോ എന്നതിനപ്പുറം വിഷയത്തിൽ ചില നിയമ പ്രശ്‌നങ്ങൾ കൂടിയുണ്ട്. ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികൾ ക്ഷേത്ര മൈതാനിയിൽ നടത്താനാകില്ലെന്ന് കേരളാ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടി കക്ഷിയായ മൂന്ന് വ്യത്യസ്ത കേസുകളിലാണ് ഇത് പറഞ്ഞിട്ടുള്ളത്. അത്തരം ശ്രമങ്ങളെ തടയാനുള്ള ദേവസ്വം ബോർഡിന്റെ ബാധ്യതയും ഉത്തരവാദിത്തവും കോടതി പ്രസ്തുത വിഷയത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
വെള്ളായണി ദേവീ ക്ഷേത്രവുമായും ശാർക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധിയിൽ കോടതി ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാർ നീക്കം.















