ന്യൂഡൽഹി: പാർലമെന്റിൽ യുവാവ് അതിക്രമിച്ചുകയറി പ്രതിഷേധിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി. പ്രത്യേകം വിളിച്ചുചേർത്ത യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തി അറിയിച്ചത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി, വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരെ കൂടാതെ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും യോഗത്തിൽ പങ്കെടുത്തു.
സംഭവത്തിൽ ഇതുവരെ അഞ്ചുപേരാണ് പോലീസിന്റെ പിടിയിലായത്. സൂത്രധാരനായ ഹരിയാന സ്വദേശി ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്കുള്ള തിരച്ചിൽ ഹരിയാനയിൽ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്തുവരികയാണ്.
പാർലമെന്റിലെ സുരക്ഷ സംവിധാനങ്ങൾ പുന:ക്രമീകരിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു. നിലവിൽ എംപിമാരെയും ജീവനക്കാരെയും അല്ലാതെ ആരെയും സഭയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപിമാരെയും എംപിമാരുടെ പിഎ മാരെയും തൽക്കാലം സഭയിൽ പ്രവേശിപ്പിക്കില്ല. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്കും സഭയിൽ വിലക്കുണ്ട്.
സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അനീഷ് ദയാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സഭയിലെത്തി വിവിരങ്ങൾ ശേഖരിച്ചിരുന്നു.















