തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി. ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് കൈമാറി. ഇതിനുവേണ്ടി ചലച്ചിത്ര അക്കാദമിയിലെ മുഖ്യ സംഘാടകർ ഐഎഫ്എഫ്കെയ്‌ക്ക് ഇടയിൽ സമാന്തര യോഗം ചേരുകയും ചെയ്തു.
ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെ ജനറല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്ന് ഉച്ചയ്‌ക്കായിരുന്നു യോഗം നടന്നത്. ഈ സമയം തൊട്ടടുത്തുള്ള ചെയർമാന്റെ മുറിയിലായിരുന്നു രഞ്ജിത്ത്. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഇതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗത്തിലുണ്ടായിരുന്നത്. യോഗം ഒരു മണിക്കൂറോളം നീണ്ടു നിന്നു. ചെയർമാനെതിരെ നിരവധി ആരോപണങ്ങളാണ് അക്കാദമി അംഗങ്ങൾ ചൂണ്ടി കാണിച്ചിരിക്കുന്നത്. ചെയര്‍മാന്‍ ഒറ്റയ്‌ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് പ്രധാന പ്രശ്നം.
കഴിഞ്ഞ ആഴ്ചയിൽ രഞ്ജിത്ത് ഒരു അഭിമുഖത്തിനിടെ ഡോ.ബിജുവിനെതിരെ നടത്തിയ പരാമർശങ്ങൾ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെതിരെ യോഗം ചേർന്നത്.















