തിരുവനന്തപുരം: പ്രഭാത സവാരിക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. പരിമിതമായ ഫുട്പാത്തുകൾ, വളവ് തിരിവുകൾ, വെളിച്ചം കുറഞ്ഞ റോഡുകൾ എന്നിവ കണക്കിലെടുത്ത് പുലർച്ചെ ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാനായാണ് പുതിയ തീരുമാനം. രാവിലെ നടക്കാൻ പോകുന്നവർ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണമെന്നും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംവിഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
എംവിഡിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ
സവാരി കഴിവതും പ്രഭാത വെളിച്ചത്തിലാക്കാം. കഴിവതും നടക്കാനായി മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം. തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക. ഫുട്പാത്ത് ഇല്ലെങ്കിൽ നിർബന്ധമായും അരികിൽ കൂടി വരുന്ന വാഹനങ്ങൾ കാണാവുന്ന രീതിയിൽ റോഡിന്റെ വലത് വശം ചേർന്ന് നടക്കുക. വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. സാധ്യമെങ്കിൽ റിഫ്‌ളക്ടീവ് ജാക്കറ്റുകളോ അത്തരം വസ്ത്രങ്ങളോ ഉപയോഗിക്കുക.
വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങൾ പാഞ്ഞു വന്നേക്കാം എന്നതിൽ ശ്രദ്ധ വേണം.
ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം. കുട്ടികൾ കൂടെയുണ്ടെങ്കിൽ അധിക ശ്രദ്ധ നൽകണം. റോഡിലൂടെ വർത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം. വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം. മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിൽ ഡ്രൈവർമാർക്ക് റോഡിന്റെ വശങ്ങൾ നന്നായി കാണാൻ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കിൽ പ്രതികൂല കാലാവസ്ഥയുള്ളപ്പോൾ നടക്കാൻ പോകുന്നത് ഒഴിവാക്കുക.















