ഒഹിയോ: ജൂതപ്പള്ളിയിൽ കൂട്ട വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട കൗമാരക്കാരനെ പോലീസ് പിടികൂടി. ഒഹിയോയിലെ കാന്റോണിൽ നിന്നുള്ള 13-കാരനാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ഡിസ്‌കോർഡ് (Discord) എന്ന ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴിയായിരുന്നു 13-കാരൻ വെടിവയ്പ്പ് ആസൂത്രണം ചെയ്തത്.
സെപ്റ്റംബർ ഏഴിനായിരുന്നു ഡിസ്‌കോർഡിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ സംബന്ധിച്ച വിവരം എഫ്ബിഐ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് ഇക്കാര്യം സ്റ്റാർക്ക് കൗണ്ടി ഷെരീഫിനെ അറിയിക്കുകയായിരുന്നു. ജൂതപ്പള്ളിയുടെ ഭൂപടവും ആക്രമണം നടത്തുന്നത് സംബന്ധിച്ച മറ്റ് പദ്ധതികളും സെപ്റ്റംബർ ഒന്നിന് പങ്കുവച്ച ലൈവ് സ്ട്രീമിംഗിൽ കൗമാരക്കാരൻ വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിൽ നിന്നുള്ള യുവാവിന്റെ സഹായത്തോടെ 13-കാരൻ തന്നെയാണ് പള്ളിയുടെ ഭൂപടം വരച്ചത്. ഡിസ്‌കോർഡ് എന്ന പ്ലാറ്റ്‌ഫോമിലുള്ള നിരവധി ജൂതവിരുദ്ധ ഗ്രൂപ്പുകളിൽ അംഗമാണ് കുട്ടിയെന്നും പോലീസ് കണ്ടെത്തി. കേസിന്റെ വിചാരണ 20ന് ആരംഭിക്കും.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഉയർന്ന ജൂതവിരുദ്ധതയുടെ ഭാഗമായാണ് അമേരിക്കയിലും ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് വിലയിരുത്തൽ. യുഎസിൽ മാത്രം 35 ശതമാനത്തോളം അധികം കേസുകൾ ജൂതവിരുദ്ധതയുമായി ബന്ധപ്പെട്ട് ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.















