ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കില്ലെന്നാണ് പാർലമെന്റിൽ അമിത് ഷാ വ്യക്തമാക്കിയത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.
ജൂൺ 18ന് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കാനഡേിയൻ പ്രധാനമന്ത്രി പലപ്പോഴായി ആവർത്തിച്ചിരുന്നു. ഈ ആരോപണത്തെ ഇന്ത്യ തള്ളിയിരുന്നു. ഭാരതം ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ കാനഡയിൽ എന്താണ് ചെയ്യുന്നതെന്ന് കാനേഡിയൻ ഭരണകൂടം വ്യക്തമാകാണം.- പാർലമെന്റിൽ കേന്ദ്രമന്ത്രി പറഞ്ഞു. 2020-ലാണ് ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചത്.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് കുമാർ വർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാളുടെ മരണത്തിൽ അന്വേഷണം പൂർത്തിയാകും മുമ്പേ കനേഡിയൻ സർക്കാർ ഇന്ത്യയ്‌ക്കുമേൽ കുറ്റം ചാർത്തിയെന്നും അദ്ദേഹം കുറ്റപ്പെടത്തിയിരുന്നു. കാനഡയിലെ ഏറ്റവും വലിയ സ്വകാര്യ ടെലിവിഷൻ ചാനലായ സി.ടി.വി. ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹൈക്കമ്മീഷണറുടെ പരാമർശം.