തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയ്‌ക്ക് കഠിന തടവും പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി. കാട്ടാക്കട സ്വദേശി മധുവിനാണ് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണം, പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2018 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ഉണ്ടായതോടെ കുട്ടി അദ്ധ്യാപികയോട് കാര്യം പറയുകയായിരുന്നു. തുടർന്ന് പോലീസിൽ പാരാതിപ്പെടുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.















