മുത്തച്ഛന്റെ പിറന്നാളിന് ഗാനമേള നടത്തി മലയാളികളുടെ കണ്ണിലുണ്ണിയായ കൊച്ചുമിടുക്കനാണ് ജാതവേദ്. നാലു വയസുകാരൻ കുഞ്ഞ് ട്രൗസറുമിട്ട് പാടിയ ആലായാൽ തറവേണം..’ എന്ന് പാട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. തൃശൂർ സ്വദേശി വൈശാഖ് കൃഷ്ണന്റെയും മൃദുലയുടേയും മകനാണ് ജാതവേദ് എന്ന വേദുകുട്ടൻ.
ഒരോറ്റ പാട്ടിലൂടെ മലയാളികളുടെ മനസിൽ കേറി പറ്റിയ വേദുകുട്ടന്റെ ഇതുവരെയുള്ള ജീവിതം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. ജന്മനാ ബാധിച്ച ന്യുറോ സംബന്ധമായ അസുഖമുള്ളതിനാൽ ആശുപത്രികളോടും സർജറികളോടും മരുന്നുകളോടും പടവെട്ടിയാണ് നാലുവയസുകാന്റെ ആദ്യ വർഷങ്ങൾ കടന്നുപോയത്.

ജനന സമയത്ത് തന്നെ കുഞ്ഞിന് മുച്ചുണ്ട് ഉണ്ടായിരുന്നതായി അമ്മ മൃദുല പറയുന്നു. ആദ്യം അത് മാത്രമാണ് പ്രശ്നം എന്ന കരുതി. പിന്നീട് മുച്ചുണ്ട് സർജറിക്കായുള്ള പരിശോധനകൾക്കിടെയാണ് ഗുരുതരമായ ന്യൂറോ സംബന്ധിയായ രോഗം കണ്ടെത്തിയത്. മൂന്നരമാസം പ്രായമായപ്പോഴാണ് ആദ്യത്തെ സർജറി. പിന്നീടുള്ള ഒന്നര വർഷം ആശുപത്രി തന്നെയായിരുന്നു വീട്. ഏഴാം മാസത്തിലാണ് മുച്ചുണ്ടിനുള്ള സർജറി നടത്തിയത്. ഒരു വയസ് കഴിഞ്ഞാണ് വേദുകുട്ടന്റെ തലയുറച്ചത്. മൂന്നാം വയസിലാണ് പിച്ചവെച്ചു തുടങ്ങിയത്. സർജറിയും അസുഖങ്ങളുമെല്ലാം കുഞ്ഞിന്റെ വളർച്ചയെ ബാധിച്ചെങ്കിലും അവൻ വീണ്ടും പാട്ടുപാടി ജീവിതത്തിലേക്ക് പിച്ചവെയ്‌ക്കുകയാണ് ഇപ്പോൾ
വീടിനടുത്തെ പ്ലേസ്‌കൂളിൽ പോകാൻ തുടങ്ങിയതോടെ ആളുകളോട് അടുക്കാനുള്ള വേദുകുട്ടന്റെ മടിയും മാറികിട്ടി. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ കുട്ടികൾ തട്ടി വീഴുമോ എന്നായിരുന്നു വീട്ടിലുള്ളവരുടെ പടി. എന്നാൽ എല്ലാവരെയും സന്തോഷിപ്പിച്ച് കൊണ്ട് വേദുകുട്ടൻ അതിവേഗം കൂട്ടികൾക്കിടയിൽ താരമായി. സംസാരിക്കാൻ പ്രശ്നം നേരിട്ടതിനാൽ സ്പീച്ച് തെറാപ്പി നിർദ്ദേശിച്ചിരുന്നെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തി അവൻ സംസാരിച്ചും തുടങ്ങി. യൂട്യൂബ് നോക്കി അക്ഷരങ്ങളും അക്കങ്ങളും അവൻ വളരെ വേഗം സ്വായത്തമാക്കി.
ഇന്ന് സംഗീതവും അക്ഷരങ്ങളുമാണ് വേദുകുട്ടന്റെ ലോകം. സംഗീതാധ്യാപികയായ അമ്മൂമ്മ വാസന്തി വിജയകുമാർ പാടി കൊടുക്കുന്ന പാട്ടുകൾ അവൻ പെട്ടെന്ന് തന്നെ പഠിച്ചെടുക്കും. യൂട്യൂബിൽ പാട്ടുകൾ കേട്ട് പഠിക്കാനും നല്ല മിടുക്കനാണ്. ആരെങ്കിലും പാട്ട് പാടി കൊടുക്കാൻ സ്നേഹത്തോടെ പറഞ്ഞാൽ ഒരുമടിയും കൂടാതെ വേദുകുട്ടൻ അതിനും തയ്യാറാണ്. അതാണ് ഒറ്റ പാട്ടിലൂടെ താരമായതും അങ്ങനെയാണ്. ഏത് പാട്ടും താളത്തിലും ഈണത്തിലും മാത്രമേ പാടൂ എന്ന നിർബന്ധക്കാരനാണ് കൊച്ചുമിടുക്കൻ.















