റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിആർപിഎഫ് സബ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു. മറ്റൊരു ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുക്മയിൽ പരിശോധന നടത്തുകയായിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തലസ്ഥാന നഗരിയായ റായ്പൂരിൽ നിന്ന് 400 കിലോ മീറ്റർ അകലെയാണ് സംഭവം.
സുക്മയിലെ ജഗരുണ്ട പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബെദ്രേ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സിആർപിഎഫിന്റെ 165-ാം ബറ്റാലിയൻ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരരുടെ വെടിവയ്പ്പുണ്ടായത്. കോൺസ്റ്റബിൾ സി. രാമുവിന് ആക്രമണത്തിൽ പരിക്കേറ്റു. അദ്ദേഹത്തിന്റെ തോളിലും കൈകളിലുമാണ് വെടിയേറ്റത്. കോൺസ്റ്റബിളിനെ ഉടൻ തന്നെ ക്യാമ്പിലേക്ക് മാറ്റി. ആക്രമണത്തിനിടെ എസ്‌ഐ സുധാകർ റെഡ്ഡിയെ കാണാതായിരുന്നു. തുടർന്ന് സിആർപിഎഫും കോബ്ര യൂണിറ്റും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് അദ്ദേഹത്തെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.















