അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര തലത്തിൽ വജ്രവ്യാപരത്തെ ഒരുമിച്ച് നിർത്തുന്നതിനായുള്ള ഹബ്ബാണിത്. ‘സൺ സിറ്റി’യിൽ നിന്ന് ‘ഡയമണ്ട് സിറ്റി’ ആയി മാറിയ സൂറത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൂറത്തിലെ ജനങ്ങളുടെ കഠിനാധ്വാനം മൂലമാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനവേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച 10 വികസ്വര നഗരങ്ങളിൽ ഒന്നാണ് സൂറത്ത്. നഗരത്തിലെ തെരുവുകളിലെ തനത് രുചിയും, നൈപുണ്യ വികസന പ്രവർത്തനങ്ങളുമെല്ലാം രാജ്യത്തെ അതിശയിപ്പിക്കുന്നതാണ്. ഒരുകാലത്ത് സൺസിറ്റി എന്നറിയപ്പെട്ടിരുന്ന സൂറത്ത് ഇന്ന് ജനങ്ങളുടെ കഠിനാധ്വാനവും പ്രയത്‌നവും കൊണ്ട് ഡയമണ്ട് സിറ്റിയായി മാറിയിരിക്കുകയാണ്. ഇന്ത്യൻ വജ്രങ്ങൾ വാങ്ങാനായി ആഗോള രാജ്യങ്ങൾ ഇന്ത്യയിലെത്തും. ഇത് ഡിസൈനർമാരുടെ കഴിവ് വർദ്ധിപ്പിക്കുകയും ഇന്ത്യൻ ഡിസൈനുകൾക്ക് അന്താരാഷ്‌ട്രവേദി ലഭിക്കുന്നതിനും കാരണമാകും. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് നഗരമെന്നും പ്രധാനമന്ത്രി പറഞ്ഞു. കസ്റ്റംസ് ക്ലിയറൻസ് ഹൗസ്, ജ്വല്ലറി മാൾ, ഇന്റർനാഷണൽ ബാങ്കിംഗ്, സേഫ് വോൾട്ടുകളുടെ സൗകര്യം എന്നിവ ബോഴ്സിന്റെ പ്രത്യേകതകളാണ്.
സൂറത്ത് വിമാനത്താവളത്തിന് ഇന്ന് പുതിയ ടെർമിനലും അന്താരാഷ്‌ട്ര വിമാനത്താവളം എന്ന പദവിയും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. 353 കോടി രൂപ ചിലവിലാണ് സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമ്മിച്ചത്. പുതിയ ടെർമിനൽ സജ്ജമായതോടെ വജ്ര, തുണി വ്യവസായങ്ങളുടെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ സുഗമമാകും. 67 ലക്ഷം ചതുരശ്ര അടി വിസ്തീർണമാണ് പുതിയ ടെർമിനൽ കെട്ടിടത്തിനുള്ളത്.















