കൊല്ലം: വിവാദങ്ങൾ വിട്ടൊഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയാൽ നേരിടുമെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായാണ് വെല്ലുവിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പോലീസുകാരന്റേതാണ് വെല്ലുവിളി.
കടയ്‌ക്കൽ സ്വദേശിയായ ഗോപീകൃഷ്ണൻ എം.എസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വെല്ലുവിളി നടത്തിയത്. കൊല്ലം കടയ്‌ക്കലിൽ എത്തുന്ന നവകേരള സദസിന്റെ വാഹനം ധൈര്യമുണ്ടെങ്കിൽ തടഞ്ഞുനോക്കൂവെന്നാണ് പ്രതിഷേധക്കാരോട് ഇയാൾ നടത്തിയ വെല്ലുവിളി. മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞുനോക്ക്, എല്ലാ മറുപടിയും അപ്പോൾ തരാമെന്ന് ഗോപീകൃഷ്ണൻ പറഞ്ഞു.
കുമ്മിൽ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയിലാണ് ഇയാൾ വെല്ലുവിളി നടത്തിയത്. സംഭവം വിവാദമായതോടെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഗോപീകൃഷ്ണൻ. എന്നാൽ നവകേരള സദസിന്റെ ഭാഗമായിട്ടുളള മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ ആലപ്പുഴയിലും പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാനും എസ്‌കോർട്ടിലുള്ള പോലീസുകാരനും ചേർന്ന് മർദ്ദിച്ചിരുന്നു.















