തിരുവനന്തപുരം: സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ചില കാര്യങ്ങൾ ചെയ്യാൻ അവകാശമുണ്ടെന്ന് ശശി തരൂർ എംപി. നിയമം മാറ്റുന്നതുവരെ ഗവർണർക്ക് തന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുകയല്ല വേണ്ടെതെന്നും ശശിതരൂർ വിമർശിച്ചു.
‘സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ചില കാര്യങ്ങൾ ചെയ്യാൻ അവകാശമുണ്ട്. അത് എസ്എഫ്ഐക്ക് ഇഷ്ടമല്ലെങ്കിൽ എസ്എഫ്ഐയും ഗവർണറും തമ്മിലുള്ള വിഷയമാണ്. നിയമം മാറ്റുന്നതുവരെ ഗവർണർക്ക് അത് ഉപയോഗിക്കാനുള്ള അവകാശവുമുണ്ട്. പോലീസിന്റെ ജോലി എല്ലാവരെയും നോക്കുക എന്നതുമാത്രമാണ്. അല്ലാതെ, ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുക എന്നതല്ല.
മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ?.. അവർ കല്ലെറിഞ്ഞില്ല. അവർ മിണ്ടാതെ കരിങ്കൊടി കാണിച്ചു കൊണ്ടിരിക്കുന്നത് അടിച്ചമർത്താൻ പോലീസിന് എന്താണ് അവകാശമുള്ളത്. എനിക്ക് നേരെയും കരിങ്കൊടി പ്രതിഷേധമുണ്ടായിട്ടുണ്ട്. അത് അവരുടെ അവകാശമാണെന്ന് ഞാൻ സമ്മതിക്കുന്നു.’- ശശി തരൂർ പറഞ്ഞു.















