ന്യൂഡൽഹി: ഉപഭോക്താവിനെ അറിയിക്കാതെ പേപ്പർ ബാഗിന് ഏഴ് രൂപ ഈടാക്കിയെന്ന പരാതിയിൽ പ്രമുഖ ഫാഷൻ ഔട്ട്‌ലെറ്റിന് പിഴ ഈടാക്കി ഡൽഹി ഉപഭോക്തൃ കമ്മീഷൻ. അൻമോൽ മൽഹോത്ര എന്ന ഉപയോക്താവിന്റെ പരാതിയിൽ 3,000 രൂപയാണ് ഫാഷൻ ഔട്ട്‌ലെറ്റായ ലൈഫ്‌സ്റ്റൈലിന് ഉപഭോക്തൃ കമീഷൻ പിഴയിട്ടത്.
ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റിൽ നിന്നും 706 രൂപയുടെ സാധനങ്ങൾ അൻമോൽ മൽഹോത്ര വാങ്ങിയിരുന്നു. എന്നാൽ ഇതിനുപുറമെ അധിക ചാർജായി പേപ്പർ ബാഗിന് 7 രൂപ കൂടി ഈടാക്കിയെന്നും ഇത് തന്നെ അറിയിക്കാതെ ചെയ്ത കാര്യമാണെന്നുമായിരുന്നു ഉപഭോക്താവിന്റെ പരാതി. ബാഗിന്റെ വിലയും പ്രത്യേകതകളും അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് പറഞ്ഞ കമീഷൻ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.