വയനാട്: വാകേരിയിൽ വീണ്ടും കടുവയെത്തി. വാകേരി കല്ലൂർ കുന്നിൽ സന്തോഷിന്റെ വീടിന്റെ സമീപത്താണ് കടുവയുടെ സാന്നിധ്യം കണ്ടത്. ഞായറാഴ്ച രാത്രി ആയിരുന്നു കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ സന്തോഷിന്റെ പശുവിനെ കടുവ കടിച്ചു കൊന്നിരുന്നു. കടുവ ആടിനെ പിടികൂടാനുള്ള ശ്രമം നടത്തിയതായും സന്തോഷ് പറഞ്ഞു. വാകേരിയിൽ കർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൂടുവച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വട്ടത്താനിയിൽ വനംവകുപ്പ് തുടങ്ങിയത്.
ഇതിനിടയിൽ ഇന്ന് കടുവയെ പിടി കൂടാനുള്ള തിരച്ചിലിനിടെ വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടു. വട്ടത്താന്നി ചൂണ്ടിയാനി കവലയിലെ തിരച്ചിലിനിടെയാണ് ഡ്രോൺ നഷ്ടമായത്. ഇതോടെ ദൗത്യസംഘം പരിശോധന മതിയാക്കിതിരിച്ചുപോയി. കഴിഞ്ഞ ദിവസം വട്ടത്താനി ചൂണ്ടിയാനിക്കൽ കവലയിൽ പുല്ലരിയാനെത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടത്.















