ഹറി – ബറി രീതികൾ ജീവിതത്തിന്റെ ഭാഗമായപ്പോൾ ട്രാഫിക്ക് നിയമലംഘനങ്ങളുടെ എണ്ണവും കൂടി വന്നു. പരമാവധി താമസിച്ച് വീട്ടിൽ നിന്നിറങ്ങി വേഗതയിൽ വാഹനം ഓടിച്ച് ജോലിസ്ഥലത്തെത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇതുമൂലം ധാരാളം അപകടങ്ങളും ഉണ്ടാകുന്നു, ഇങ്ങിനെ അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നതും സാധാരണയായി. ടെക്കികളാണ് ഈ രീതിയിലുള്ള ട്രാഫിക്ക് നിയമ ലംഘനത്തിന്റെ കാര്യത്തിൽ എന്നതിൽ മുൻപിൽ.സിഗ്നൽ മറികടന്നു പോകുന്നതും വേഗത കൂട്ടുന്നതും, സിഗ് സാഗ് രീതിയിൽ വാഹനം ഓടിച്ച് ഓവർടേക്ക് ചെയ്യുന്നതും എളുപ്പവഴി തേടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നവയാണ്.
എന്നാൽ ഇങ്ങിനെ ചെയ്യുന്നവർക്ക് മൂക്കുകയറിടാൻ ഒരുങ്ങുകയാണ് പോലീസ്. ടെക്കികളുടെ ട്രാഫിക് ലംഘനങ്ങൾ ഗണ്യമായതോതിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി ആരംഭിച്ചത്,
ട്രാഫിക് സിഗ്നലുകൾ വെട്ടിക്കുകയോ റോഡുകളിൽ വേഗപരിധി മറികടക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇനി രണ്ടുതവണ ചിന്തിക്കേണ്ടി വരും , കാരണം ഏതെങ്കിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ടെക്കികൾ പിടിക്കപ്പെട്ടാൽ, ബെംഗളൂരു ട്രാഫിക് പോലീസ് അക്കാര്യം നിങ്ങളുടെ കമ്പനിയെ നേരിട്ട് അറിയിക്കും.
ഔട്ടർ റിംഗ് റോഡും വൈറ്റ്ഫീൽഡും ഉൾപ്പെടുന്ന നഗരത്തിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയിൽ റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി, ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഈസ്റ്റ് ഡിവിഷൻ ഈ ആഴ്ച ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിക്കഴിഞ്ഞു, ഇപ്പോൾ പൈലറ്റ് അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്നാൽ റൂട്ടിൽ നിയമലംഘനങ്ങളിൽ കാര്യമായ കുറവുണ്ടായാൽ, ഇത് ബെംഗളൂരുവിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
“ഏതെങ്കിലും ഐടി കമ്പനി ജീവനക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെട്ടാൽ, ആ ലംഘനത്തെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ കമ്പനികൾക്ക് ഇമെയിലിലോ വാട്ട്‌സ്ആപ്പ് വഴിയോ അയയ്‌ക്കും. വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവരെ കൂടുതൽ ബോധവാന്മാരാക്കാൻ മാത്രമാണിത്,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ് ഡിവിഷൻ – ട്രാഫിക്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. ഈ സംരംഭം ജനങ്ങൾ രാജ്യത്തെ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
“ഡ്രൈവിന്റെ ഭാഗമായി, നിയമലംഘകനെ പിടികൂടുമ്പോൾ, അയാൾ ജോലി ചെയ്യുന്ന കമ്പനി ഏതെന്നറിയാൻ ആ വ്യക്തിയുടെ തിരിച്ചറിയൽ കാർഡ് ട്രാഫിക് പോലീസ് പരിശോധിക്കും, അതനുസരിച്ച്, പോലീസ് ഈ ടെക് കമ്പനികളുമായി ബന്ധപ്പെടുകയും റൈഡർമാരുടെ നിയമലംഘനങ്ങളുടെ ഒരു ലിസ്റ്റ് ഉൾപ്പെടുത്തിയ വിശദവിവരങ്ങൾ അവർക്ക് അയയ്‌ക്കുകയും ചെയ്യും”. പോലീസ് പറഞ്ഞു.
ടെക് കമ്പനികൾ അവരുടെ സ്ഥാപനങ്ങളിൽ റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുകയോ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ഒരു സെഷനിലേക്ക് പോലീസിനെ ക്ഷണിക്കുകയോ ചെയ്യണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.















