കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നും വിളിക്കപ്പെടുന്ന ക്ഷേത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശിവനും പാർവ്വതിയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്ക് ദർശനമായി നിൽക്കുന്ന പ്രതിഷ്ഠയാണ് തിരുവൈരാണിക്കുളത്തുള്ളത്. ശിവൻ കിഴക്ക് ദിശയിലേക്കും പാർവ്വതി പടിഞ്ഞാറ് ദിശയിലേക്കും ദർശനമായി ഒരൊറ്റ ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഒപ്പം സതീദേവിയുടെ പ്രതിഷ്ഠയുമുള്ള പുണ്യ ക്ഷേത്രം.
തിരുവൈരാണിക്കുളം ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. ആയിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിൽ പങ്കെടുത്ത് സായൂജ്യമടയാനെത്തുന്നത്. വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ അടുത്ത 12 ദിവസത്തേക്കാണ് നട തുറന്നിരിക്കുക. നടതുറപ്പു ചടങ്ങു മുതൽ, ശ്രീപാർവതി ദേവിയുടെ തോഴിമാരെന്ന സങ്കല്പത്തിലുള്ള ബ്രാഹ്മണിയമ്മ എന്ന സങ്കൽപ്പത്തിലുള്ള സ്ത്രീ കൂടി നിന്നാണ് പ്രധാന പൂജകൾക്ക് നേതൃത്വം നൽകുക. അകവൂർ മന, വെണ്മണി മന, വെടിയൂർ മന എന്നീ ബ്രാഹ്മണകുടുംബങ്ങളുടെ ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രനടത്തിപ്പുകൾ.
പാർവതി ദേവിയാണ് പണ്ട് ശിവഭഗവാന് ആവശ്യമായ നിവേദ്യം തയ്യാറാക്കിയിരുന്നത്. നിവേദ്യത്തിന് ആവശ്യമായ സാധനങ്ങൾ തിടപ്പള്ളിയിൽ എത്തിച്ച് നൽകുകയും ശേഷം തിടപ്പള്ളി അടച്ചിടുകയുമായിരുന്നു പതിവ്. നിശ്ചിത സമയത്തിനുള്ളിൽ നിവേദ്യം തയ്യാറാക്കിയിരുന്നു. ഈ നിവേദ്യം തയ്യാറാക്കിയിരുന്നത് ദേവി ആണ് എന്നതിൽ ചിലർക്ക് സംശയം തോന്നി. അങ്ങനെ ഒരു നാൾ നിവേദ്യം തയ്യാറാക്കാൻ സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ച ശേഷം ദർശനം നടത്താനെത്തി. സമയമാകും മുൻപ് തിടപ്പള്ളി തുറന്ന് നോക്കിയപ്പോൾ സർവ്വാഭരണവിഭൂഷിതയായി പാർവ്വതി ദേവി ഭക്ഷണം പാചകം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. തന്റെ രഹസ്യം പുറത്തായാൽ ദേവിയും കാഴ്‌ച കണ്ടവരും വിഷമത്തിലായി. ഇതോടെ ക്ഷേത്രം വിട്ടു പോകാൻ ദേവീ തീരുമാനിച്ചു.
എന്നാൽ പോകരുതെന്ന വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ദേവി തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്ത് വന്ന് ദർശനം നടത്തുന്നത് പുണ്യം ആയിരിക്കുമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതാണ് ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലുള്ള വിശ്വാസം.