ഭാരതത്തിന്റെ മറ്റൊരു ശത്രു കൂടി പാകിസ്താനിൽ അവസാന ശ്വാസം എണ്ണുകയാണെന്നാണ് റിപ്പോർട്ട്. വിഷബാധയെ തുടർന്ന് അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷം കൊടുത്തുതാമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ 30 വർഷമായി ദാവൂദ് പാകിസ്താനിലാണ് താമസിക്കുന്നത്. ഭീകരരുടെയും കുപ്രസിദ്ധ കുറ്റവാളികളുടെയും വിഹാര കേന്ദ്രമായ കറാച്ചി കേന്ദ്രമാക്കിയാണ് ഇയാൾ മുഴുവൻ കുറ്റകൃത്യവും ബ്ലാക്ക് ബിസിനസും നടത്തുന്നത്.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച ദാവൂദിന് ഔദ്യോഗിക രേഖകൾ പ്രകാരം 67 വയസാണ്. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ ഇയാളെ അമേരിക്കയും യുഎന്നും ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ സ്ഫോടനത്തിന് ശേഷമാണ് ദാവൂദ് ഇന്ത്യ വിട്ടത്. അധോലോകത്തിൽ ഡി കമ്പനിയുടെ തലവനായാണ് ഇയാൾ കുപ്രസിദ്ധി നേടിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ദാവൂദിന്റെ വാസസ്ഥലം കറാച്ചിയാണെന്ന് മുൻപ് തന്നെ കണ്ടെത്തിയിരുന്നു .
യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഡസനിലധികം രാജ്യങ്ങളിലാണ് ദാവൂദിന്റെ ബിസിനസ്. ബ്രിട്ടനിൽ മാത്രം 450 മില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ അനധികൃത വജ്രവ്യാപാരവും ഇയാളുടെ നിയന്ത്രണത്തിലുണ്ട്. 2015 ലെ ഫോർബ്‌സ് റിപ്പോർട്ട് പ്രകാരം ദാവൂദിന്റെ ആസ്തി 6.7 ബില്യൺ യുഎസ് ഡോളറാണ്.
26/11 ഭീകരാക്രമണത്തിന് പിന്നിലും ദാവൂദിന്റെ പങ്ക് തെളിയിക്കപ്പെട്ടിരുന്നു. ഒസാമ ബിൻ ലാദൻ, അയ്മൻ അൽ-സവാഹിരി എന്നിവരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിലെ ഐഎസ്-അൽഖ്വയ്ദ ഉപരോധ സമിതിയാണ് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ദാവൂദ് തന്റെ പേരും രൂപവും തുടർച്ചയായി മാറ്റിക്കൊണ്ടിരുന്നു. രൂപം മാറ്റാനായി മുഖത്ത് നിരവധി തവണ ശസ്ത്രക്രിയ നടത്തിയതായി പറയപ്പെടുന്നു. പാകിസ്താനിൽ ഷെയ്ഖ് ദാവൂദ് ഹസ്സനെന്നും ഡേവിഡ് ഇയാൾ അറിയപ്പെട്ടിരുന്നു.
ആരാണ് ദാവൂദ് ഇബ്രാഹിം?
മോസ്റ്റ് വാണ്ടഡ് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം കസ്‌കർ 1955 ൽ മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലാണ് ജനിച്ചത്. അച്ഛൻ ഇബ്രാഹിം കസ്‌കർ ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു. പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബം മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് താമസമാക്കി. എഴുപതുകളിലാണ് മുംബൈ അധോലോകത്തിൽ ദാവൂദിന്റെ പേര് കേട്ട് തുടങ്ങിയത്. നേരത്തെ ഹാജി മസ്താൻ സംഘത്തിലൂടെയാണ് ഇയാൾ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയത്. പിന്നീട് ഡി-കമ്പനിയുടെ നേതാവായി ഇയാൾ മാറി. 90 കളിൽ മുംബൈയിൽ നടന്ന സ്ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനായിരുന്നു ദാവൂദ്. സ്ഫോടനത്തിന് ശേഷമാണ് ഇയാൾ ദുബായിലേക്ക് രക്ഷപ്പെട്ടത്. അവിടെ നിന്നാണ് പാകിസ്താനിലേക്ക് പോയത്. ഭീകരാക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2003ലാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2011-ൽ, എഫ്ബിഐയും ഫോബ്സും തയ്യാറാക്കിയ പട്ടികയിൽ ലോകത്തിലെ മോസ്റ്റ് വാണ്ടഡായ മൂന്നാമത്തെ പിടികിട്ടാപുള്ളിയാണ് ഇയാൾ.
കറാച്ചിയിൽ രണ്ട് ഒളിത്താവളങ്ങൾ
കറാച്ചിയിലെ ക്ലിഫ്റ്റൺ റോഡിൽ സ്ഥിതി ചെയ്യുന്ന വൈറ്റ് ഹൗസ് ബംഗ്ലാവാണ് ദാവൂദിന്റെ സ്ഥിരം വസതി. കുടുംബസമേതമാണ് ഇയാൾ ഇവിടെ താമസിക്കുന്നത്. രണ്ടാമത്തെ ഒളിത്താവളം കറാച്ചിയിലെ തന്നെ ഡിഫൻസ് ഹൗസിംഗ് കോളനിയിലാണ്. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന തെരുവ് നോ-ട്രെസ് സോണിലാണ് പെടുന്നത്. പാക് റേഞ്ചേഴ്‌സിന്റെ കർശനമായ കാവലാണ് അന്താരാഷ്‌ട്ര കുറ്റവാളിക്ക് പാക് ഭരണകൂടം ഏർപ്പെടുത്തിയത്. ദാവൂദിന് 14 പാസ്‌പോർട്ടുകളുണ്ടെന്നാണ് റിപ്പോർട്ട്.
മുംബൈക്കാരി ഭാര്യയിൽ നാല് കുട്ടികൾ
ദാവൂദ് ഭാര്യയ്‌ക്കും നാല് കുട്ടികൾക്കുമൊപ്പം കറാച്ചിയിലാണ് താമസിക്കുന്നതെന്നും ഇയാൾ ദുബായിലേക്ക് പതിവായി യാത്ര ചെയ്യാറുണ്ടെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ സുബിന സരീൻ എന്ന മെഹ്ജബീന്റെ പേരിലുള്ള ടെലിഫോൺ ബില്ലും ദാവൂദിന്റെ നിരവധി പാസ്പോർട്ടുകളും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ഡി കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണെന്നാണ് റിപ്പോർട്ട്.
ദാവൂദിന്റെ മൂത്ത മകൾ മഹ്റൂഖ് ഇബ്രാഹിമിനെ വിവാഹം ചെയ്തിരിക്കുന്നത് മുൻ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. ദാവൂദിന്റെ രണ്ടാമത്തെ മകൾ മഹ്റീൻ കല്യാണം കഴിച്ചത് പാക് വംശജനായ അമേരിക്കൻ വ്യവസായിയായ അയൂബിനെയാണ്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ദാവൂദിന് ഒളിത്താവളങ്ങളുണ്ട്.
പാകിസ്താനിയായ രണ്ടാം ഭാര്യ
പാകിസ്താൻകാരിയായ പത്താൻ സ്ത്രീയാണ് ദാവൂദിന്റെ രണ്ടാം ഭാര്യ. ദാവൂദിന്റെ ആദ്യ ഭാര്യ മെഹ്ജബീൻ എന്ന സുബിന സറീനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ദാവൂദിന്റെ ആദ്യ ഭാര്യ മെഹ്ജബൻ മുംബൈ നിവാസിയാണ്.
മുംബെ സ്ഫോടനത്തിന് ശേഷം സഹോദരങ്ങളായ അനീസ് ഇബ്രാഹിമും നൂറ ഇബ്രാഹിമും ദാവൂദിനൊപ്പം ദുബായിലേക്ക് രക്ഷപ്പെട്ടിരുന്നു. 2007ൽ കറാച്ചി സ്ഫോടനത്തിലാണ് നൂറ മരിച്ചത്. രണ്ടാമത്തെ സഹോദരൻ അനീസ് ദാവൂദിനൊപ്പം കറാച്ചിയിലാണ് താമസിക്കുന്നത്. മൂന്നാമത്തെ സഹോദരൻ ഇക്ബാലും സഹോദരിമാരായ ഹസീന പാർക്കറും സയീദയും മരണപ്പെട്ടു. ഇവരെല്ലാം മുംബൈയിലാണ് താമസിച്ചിരുന്നത്.















