ബെംഗളൂരു: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെ ഏട്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ബെല്ലാരി മൊഡ്യൂളിലെ എട്ട് ഭീകരരെയാണ് എൻഐഎ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബല്ലാരി, ബെംഗളൂരു, അമരാവതി, മുംബൈ, പൂനെ, ജംഷഡ്പൂർ, ബൊക്കാറോ, ഡൽഹി എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ ബെല്ലാരി മൊഡ്യൂളിന്റെ നേതാവ് മിനാസും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നതായി റെയ്ഡിൽ എൻഐഎ കണ്ടെത്തി. ഇവരുടെ പക്കൽ നിന്ന് ഐ.ഇ.ഡി. ഉൾപ്പടെയുള്ള സ്ഫോടകവസ്തുകളും പണവും ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ എൻഐഎ പിടിച്ചെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ നടത്താൻ പദ്ധതിയിട്ടിരുന്ന സ്‌ഫോടനങ്ങൾ ഇല്ലാതാക്കാനും ഇതിലൂടെ സാധിച്ചെന്ന് എൻഐഎ വ്യക്തമാക്കി.
മഹാരാഷ്‌ട്രയിലെ പദ്ഘ-ബോരിവാലി, താനെ, മീരാ റോഡ്, പൂനെ, കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലെ 44 സ്ഥലങ്ങളിൽ മഹാരാഷ്‌ട്ര പോലീസിന്റെയും മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും (എടിഎസ്) നേതൃത്വത്തിൽ ഡിസംബർ 9ന് റെയ്ഡ് നടത്തിയിരുന്നു. നിരോധിത ഭീകരസംഘടനയിലെ 19 ഭീകരരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.















