ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 10 മുതൽ സ്പിൽവേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അതിവേഗത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത്. സെക്കൻഡിൽ 15,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 1560 ഘനയടി വെള്ളമാണ് സെക്കൻഡിൽ കൊണ്ടുപോകുന്നത്.
ഇന്നലെ രാവിലെ 3.30-ന് 136 അടിയിലെത്തിയ ജലനിരപ്പ് 11-ഓടെ 137.5 അടിയിലെത്തി. വൈകുന്നേരം നാലിന് ജലനിരപ്പ് 138 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാം മുന്നറിയിപ്പും ഇടുക്കി ജില്ലാ ഭരണകൂടത്തിന് കൈമാറി. ഇതിന് പിന്നാലെയാണ് അണക്കെട്ട് തുറക്കാൻ തമിഴ്നാട് സർക്കാരിന്റെ തീരുമാനം.















