ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി ഭാരതം. ഈ വർഷം ഒക്ടോബർ വരെ 72 ദശലക്ഷത്തിലധികം വിദേശികളാണ് ഇന്ത്യൻ മണ്ണിലെത്തിയതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.
ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. 2018-ൽ 10.56 ദശലക്ഷം ആളുകളാണ് എത്തിയത്. 2019-ൽ 10.93 ദശലക്ഷം പേരും എത്തി. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020-ൽ സഞ്ചാരികളുടെ എണ്ണം 2.74 ദശലക്ഷമായി കുറഞ്ഞു. 2021-ൽ 1.52 ദശലക്ഷമായി കുറഞ്ഞെങ്കിലും 2022-ൽ 6.44 ദശലക്ഷമായി വർദ്ധിച്ചു. ഈ വർഷം ആദ്യത്തെ പത്ത് മാസത്തിനിടെ 72 ദശലക്ഷം പേരാണ് ഇന്ത്യയിലെത്തിയത്.
ഗോവയിലേക്കാണ് സഞ്ചരികളുടെ ഒഴുക്ക് അധികവും രേഖപ്പെടുത്തിയത്. 2022 വർഷത്തിലാകെ വന്നതിന്റെ ഒന്നര മടങ്ങ് വിനോദ സഞ്ചാരികളാണ് ഈ വർഷം ആദ്യത്തെ ഏഴ് മാസം കൊണ്ട് ഗോവയിലെത്തിയത്. രാജ്യത്ത് 5,294.11 കോടി രൂപ ചെലവിൽ 76 പദ്ധതികൾക്ക് അനുമതി നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു. കോലാർ ഗോൾഡ് ഫീൽഡ്സിനെ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് ഖനി മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.















