ന്യൂ ഡൽഹി : വിചിത്രമായ വാദമുന്നയിച്ച് കോടതിയെ സമീപിച്ചയാൾക്ക് പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. കുൻവർ മഹേന്ദർ ധ്വജ് പ്രസാദ് സിംഗ് എന്നയാളാണ് താൻ ഒരിക്കലും ഇന്ത്യൻ യൂണിയനിൽ ലയിക്കാത്ത ബെസ്വാൻ എന്ന നാട്ടുരാജ്യത്തിന്റെ അനന്തരാവകാശിയാണെന്ന് അവാകാശപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ പേരിൽ ആഗ്ര, മീററ്റ്, അലിഗഡ്, ഡൽഹി, ഗുഡ്ഗാവ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 65 റവന്യൂ എസ്റ്റേറ്റുകൾ ഉൾപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കാണെന്നും ഇയാൾ അവകാശപ്പെട്ടു.
ഗംഗയ്‌ക്കും യമുനയ്‌ക്കും ഇടയിലുള്ള എല്ലാ ഭൂമിയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും ഇയാൾ അവകാശപ്പെട്ടത്തിൽ ഉണ്ട്.രാജാ താക്കൂർ മത് മതംഗ് ധ്വജ് പ്രസാദ് സിങ്ങിന്റെ നാല് മക്കളിൽ അവശേഷിക്കുന്ന ഏക മകനാണ് താനെന്നും ബെസ്വാൻ രാജ്യത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരി താനാണെന്നും ഇയാൾ അവകാശപ്പെട്ടു.
ഇന്നും തന്റെ കുടുംബത്തിന് ഒരു നാട്ടുരാജ്യത്തിന്റെ പദവി ഉണ്ടെന്നും അവരുടെ ഉടമസ്ഥതയിലുള്ള എല്ലാ പ്രദേശങ്ങളും ഒരിക്കലും ഇന്ത്യൻ സർക്കാരിന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ അവകാശപ്പെട്ടു. മറ്റ് നിരവധി ആവശ്യങ്ങൾക്കൊപ്പം, ഔദ്യോഗിക ലയനം വരെ തന്റെ പ്രദേശത്ത് ലോക്‌സഭ, രാജ്യസഭ, സംസ്ഥാന അസംബ്ലി അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തരുതെന്ന് സിംഗ് ഇന്ത്യാ ഗവൺമെന്റിനോട് നിർദ്ദേശിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
1950 മുതൽ ഈ ഭൂമിയിൽ നിന്നും സമാഹരിച്ച വരുമാനം തന്റെ രാജ്യത്തിന്റെ ട്രഷറിയിൽ ലയിപ്പിക്കുന്നതിനുള്ള നടപടിക്രമം ഔപചാരികമായി സ്വീകരിക്കാൻ സിംഗ് സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഹർജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്നും നിയമ നടപടികളുടെ ദുരുപയോഗമാണെന്നും ജുഡീഷ്യൽ സമയം പാഴാക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി തള്ളിയ കോടതി നാലാഴ്ചയ്‌ക്കുള്ളിൽ 10,000 രൂപ സായുധ സേനയുടെ യുദ്ധത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള ക്ഷേമനിധിയിൽ നിക്ഷേപിക്കാൻ സിംഗിനോട് കോടതി ഉത്തരവിട്ടു.
കുത്തബ് മിനാറിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് സിംഗ് നേരത്തെ ഡൽഹിയിലെ സാകേത് കോടതിയെ സമീപിച്ചിരുന്നു.















