വയനാട്: പുൽപ്പള്ളിയിൽ മേയാൻവിട്ട ആടിനെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചതായി പ്രദേശവാസികൾ. ചേകാടിക്കടുത്ത് ബാവലിയിലെ വനപ്രദേശത്തിന് സമീപമാണ് സംഭവം. ബാവലി തുറമ്പൂർ കോളനിയിലെ മല്ലൻ എന്നയാളുടേതാണ് ആട്.
കഴിഞ്ഞ രണ്ട് ദിവസത്തോളമായി ആടിനെ കാണാനില്ലായിരുന്നു. സമീപ പ്രദേശത്തെ കാട് പിടിച്ചു കിടക്കുന്നയിടം വൃത്തിയാക്കിയപ്പോൾ ആടിന്റെ കഴുത്തിൽ കെട്ടിയിരുന്ന മണിയും എല്ലുകളും ഉൾപ്പെടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ആടിനെ കടുവയോ പുലിയോ ആകാം ആക്രമിച്ചതെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.
പ്രദേശത്ത് ആനയും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.















