ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തേജ സജ്ജ നായകനാകുന്ന ഹനുമാൻ. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 11 ഭാഷകളിലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12-നാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിന് മുന്നോടിയായി ചിത്രം അതിഗംഭീര ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂപ്പർ ഹീറോ ചിത്രമായി എത്തുന്ന ഹനുമാൻ ഫാന്റസിയുടെ ഒരു ലോകം തന്നെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടുക്കൊണ്ട് കണ്ണഞ്ചിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നു പുറത്തു വന്ന ട്രെയിലർ.
ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ‘അഞ്ജനാദരി’എന്ന സാങ്കൽപ്പിക ലോകത്താണ് ‘ഹനു- മാന്റെ’ കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി നായകന് ലഭിക്കുന്നതും ‘അഞ്ജനാദരി’ എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ കഥ പുരാണങ്ങളിൽ നിന്ന് കടം കൊണ്ടതാണെങ്കിലും ഇന്നത്തെ തലമുറയെ വിസ്മയിപ്പിക്കുന്ന തരത്തിൽ ഒരു സമകാലിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടായിരിക്കും ഹനുമാനെക്കുറിച്ച് സിനിമ സംസാരിക്കുന്നതെന്ന് സംവിധായകൻ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു.
തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും ഹനുമാൻ റിലീസ് ചെയ്യും. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായകയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.















