മുട്ടുമടക്കാൻ തയ്യാറല്ല; അഞ്ചുമാസമായി പെൻഷനില്ല; സർക്കാരിനെതിരെ ഹൈക്കോടതിയിൽ മറിയക്കുട്ടി

Published by
Janam Web Desk

എറണാകുളം: സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അടിമാലി സ്വദേശിനി മറിയക്കുട്ടി. അഞ്ചുമാസമായി വിധവാ പെൻഷൻ മുടങ്ങി കിടക്കുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. പെൻഷൻ ലഭിക്കാത്തതിനാൽ മരുന്ന് ഉൾപ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹർജിയിൽ പറയുന്നു.

കോടതി ഇടപെട്ട് മുടങ്ങിക്കിടക്കുന്ന പെൻഷൻ തുക പുതുവത്സരത്തിന് മുമ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. മറിയക്കുട്ടിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം ആരാഞ്ഞു. അടിമാലി പഞ്ചായത്തിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഡിസംബർ 21ന് കോടതി വീണ്ടും ഹർജി പരിഗണിക്കും.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മൺചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. പ്രതിഷേധിച്ചതിന് പിന്നാലെ ഒരുമാസത്തെ ക്ഷേമപെൻഷൻ സർക്കാർ ഇരുവർക്കും നൽകിയിരുന്നു.

 

Share
Leave a Comment