മോസറ്റ് വാണ്ടഡ് ക്രിമിനലായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പാകിസ്താനിൽ നിന്നും പുറത്തു വരുന്നത്. വിഷബാധയെ തുടർന്ന് അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വിഷം കൊടുത്തതാകാമെന്ന വാർത്തയും പുറത്തു വന്നിരുന്നു.

ഇന്ത്യ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദിന് ഔദ്യോഗിക രേഖകൾ പ്രകാരം 67 വയസാണ്. ഈ പ്രായത്തിൽ ദാവൂദ്ഇബ്രാഹിമിന്റെ രൂപം എങ്ങനെയായിരിക്കും എന്ന ചോദ്യങ്ങൾ ചിലരുടെങ്കിലും ഉള്ളിലുണ്ടാകും. അത്തരത്തിൽ 67 കാരന്റെ രൂപത്തിലുള്ള ദാവൂദ് ഇബ്രാഹാമിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ തയ്യാറാക്കിയ ചില ചിത്രങ്ങളാണവ.

കഴിഞ്ഞ 30 വർഷമായി ദാവൂദ് പാകിസ്താനിലാണ് താമസിക്കുന്നത്. ഭീകരരുടെയും കുപ്രസിദ്ധ കുറ്റവാളികളുടെയും വിഹാര കേന്ദ്രമായ കറാച്ചി കേന്ദ്രമാക്കിയാണ് ഇയാൾ മുഴുവൻ കുറ്റകൃത്യവും ബ്ലാക്ക് ബിസിനസും നടത്തുന്നത്. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതിയായ ഇയാളെ അമേരിക്കയും യുഎന്നും ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ദാവൂദിന്റെ വാസസ്ഥലം കറാച്ചിയാണെന്ന് മുൻപ് തന്നെ കണ്ടെത്തിയിരുന്നു.
















