പത്തനംതിട്ട : ഒറ്റ വിസിലിൽ ഓടിയെത്തുന്ന അയ്യപ്പസേവകർ, അതെ ശബരിമലയിലെ കാഴ്‌ച്ചയാണിത് . രക്ഷാപ്രവർത്തനത്തിനുള്ള അയ്യപ്പ സേവാസംഘമാണിത്. തമിഴ്നാട്ടിലെ വിവിധ കോളജുകളിൽ നിന്നുള്ള സന്നദ്ധ സേവകരാണ് അയ്യപ്പ സേവാസംഘത്തിന്റെ സ്ട്രച്ചർ സർവീസിനായി എത്തിയിട്ടുള്ളത് .
സ്ട്രച്ചറുമായി ഓടി എത്താനും , തളർന്നു വീഴുന്നവരെ എടുത്തു സ്ട്രച്ചറിൽ കിടത്തി ആശുപത്രിയിലേക്കു കൊണ്ടുപോകാനും , .വിദഗ്ധ ചികിത്സയ്‌ക്കായി പമ്പയിലേക്കു കൊണ്ടു പോകണമെന്നു ഡോക്ടർ നിർദേശിച്ചാൽ ഉടൻ അവിടേക്കു പോകാനുമൊക്കെ തയ്യാറാണിവർ . ഒന്നിനും ഒരു മടിയും ഇല്ലാതെ അയ്യപ്പന്റെ സേവകരായി മാറിയ കുറച്ച് വിദ്യാർത്ഥികൾ .
തിരുച്ചിറപ്പള്ളി നാഷനൽ കോളജ്, ഡിണ്ടിഗൽ പാർവതി ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇപ്പോൾ സേവനത്തിനുള്ളത്. ഇവർ സന്നിധാനത്തു മാത്രമല്ല അപ്പാച്ചിമേട്, ശരംകുത്തി ചരൽമേട്, പമ്പ എന്നിവിടങ്ങളിലും സ്ട്രച്ചർ ചുമക്കാനും തീർഥാടകർക്കു ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യാനും ഉണ്ട്.
തളർന്നു വീഴുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർക്കു പുറമേ ഡിണ്ടിഗൽ പാർവതി ആർട്സ് ആൻഡ് സയൻസ് കോളജിലെ കുട്ടികളുമുണ്ട് . നാഷനൽ കോളജിലെ കുട്ടികളിൽ ഏറെയും അപ്പാച്ചിമേട്ടിലാണ്. നീലിമലയും അപ്പാച്ചിമേടും കയറി വരുമ്പോൾ തളർന്നു ക്ഷീണിക്കുന്നവർക്ക് ഇവർ ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യുന്നു.
രാത്രിയും പകലും ഒരു പോലെ സേവനം ചെയ്യേണ്ടതിനാൽ അവർ അപ്പാച്ചിമേട്ടിൽ തന്നെയാണു താമസിക്കുന്നത്. സന്നദ്ധ സേവകർക്ക് ആവശ്യമായ ഭക്ഷണം അവിടെ തന്നെ അയ്യപ്പ സേവാ സംഘം പ്രവർത്തകർ പാകം ചെയ്തു കൊടുക്കുകയാണ് .















