ചെന്നൈ: തമിഴ്‌നാട്ടിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ദൃശ്യമായ എണ്ണച്ചോർച്ച ഉണ്ടാക്കിയ പാരിസ്ഥിതിക ആഘാതങ്ങൾ പുതിയ തലങ്ങളിലേക്ക് കടക്കുന്നു. ഒഴുകിപ്പടർന്ന എണ്ണ എന്നൂരിലെ കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള പരിസ്ഥിതി ആവാസവ്യവസ്ഥയ്‌ക്ക് ഇതിനകം കനത്ത ആഘാതം സൃഷ്ടിച്ച് കഴിഞ്ഞു.
ചെന്നൈ ഉൾപ്പെടയുള്ള കോറമാണ്ഡൽ തീരത്ത് പെലിക്കനുകൾ എത്തിച്ചേരുന്ന ദേശാടന കാലമാണ് വരുന്നത്. ഇതിന്റെ ആദ്യപടിയായുള്ള പക്ഷി സംഘങ്ങൾ എത്തിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, പെലിക്കനുകൾ എന്നൂർ പ്രദേശത്തെ ടവറുകളിൽ കൂടുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. അവയുടെ കൂടുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നൂരിൽ ധാരാളമായി കാണപ്പെടുന്ന മറ്റ് പക്ഷി ഇനങ്ങളായ പെയിൻറഡ് സ്റ്റോർക്കുകൾ, പെലിക്കൻ പക്ഷികൾ എന്നിവയും വംശനാശ ഭീഷണിയിലാണ്.
എണ്ണ ചോർച്ചയുടെ ആദ്യ ദിവസങ്ങളിൽ 60 ഓളം പെലിക്കൻ പക്ഷികൾ ചത്തതായി പ്രാദേശിക മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പെലിക്കനുകൾ കൂടു കൂട്ടുന്ന മരക്കൊമ്പുകളും കണ്ടൽക്കാടുകളും കറുപ്പണിഞ്ഞു നിൽക്കുകയാണ്. എണ്ണ ഒഴുകി ഇറങ്ങുന്ന അവസ്‌ഥയിലാണ് ഇവയൊക്കെ തന്നെ. ഇപ്പോൾ, എണ്ണയിൽ നനഞ്ഞ ‘കറുപ്പ്’ പെലിക്കനുകളും ധാരാളമായി ദൃശ്യമാകുന്നു.
പെലിക്കൻ പക്ഷികൾകഴുത്തും കൊക്കും വെള്ളത്തിൽ മുക്കി ഇരതേടുന്നവയാണ്. വെള്ളപ്പൊക്കത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം എണ്ണച്ചോർച്ചയുടെ റിപ്പോർട്ടുകൾ വന്നപ്പോൾ മുതൽ സാധാരണയായി വെള്ള/ചാരനിറത്തിലുള്ള പെലിക്കൻ പക്ഷികളെ കറുപ്പും എണ്ണയും കലർന്ന നിറത്തിൽ കാണാൻ തുടങ്ങി. എന്നൂരിലും ചെന്നൈ-അടയാർ അഴിമുഖം, പള്ളിക്കരനൈ, കൂവം തുടങ്ങിയ മേഖലകളിലും ഇങ്ങിനെ കണ്ടെത്തിയിട്ടുണ്ട്.

നൂറുകണക്കിന് പെലിക്കൻ പക്ഷികൾ താമസിക്കുന്ന സ്ഥലമാണ് എന്നൂർ. പക്ഷി തൂവലുകളിലെ എണ്ണ, തൂവലുകൾ ഒന്നിച്ച് നിർത്തുകയും അവയുടെ സ്വാഭാവിക പാറക്കൽ രീതിയും വെള്ളത്തിൽ മുങ്ങിപ്പൊങ്ങി ഇരപിടിക്കാനുള്ള കഴിവും നഷ്ടപ്പെടുത്തും. ഇത് പക്ഷികളെ മാരകമായ അപകടത്തിലാക്കുന്നു. എണ്ണ അവരെ ഹൈപ്പോതെർമിക് ആക്കി മാറ്റുന്നതായി കാണാം. ചരിത്രത്തിലെ എല്ലാ എണ്ണച്ചോർച്ചകളിലും പക്ഷികൾ, പ്രത്യേകിച്ച് ജലപക്ഷികൾവൻതോതിൽ ചത്തൊടുങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷിമൃഗാദികളിൽ ഈ എണ്ണച്ചോർച്ചയുടെ ആഘാതം സമഗ്രമായി വിലയിരുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. വാർഷിക ദേശാടനകാലം അടുത്തു വരുന്നതിനാൽ പക്ഷികളുടെ ഈ മരണനിരക്ക് ആശങ്ക ഉയർത്തുന്നു.
തിങ്കളാഴ്ച കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച് ഡിസംബർ 21-നകം വനം വകുപ്പിനോട് ജൈവവൈവിധ്യ നഷ്ടം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ദേശീയ തീര ഗവേഷണ കേന്ദ്രം എൻസിസിആർ അവശിഷ്ട വിശകലനം നടത്തും. സ്ഥിതിഗതികൾ വിലയിരുത്താനും ആവശ്യമെങ്കിൽ പൈലറ്റ് ബയോ റെമഡിയേഷൻ പ്രവർത്തനങ്ങൾ നടത്താനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (NIO) ഗോവയിൽ നിന്നുള്ള ഒരു സംഘം രണ്ട് ദിവസത്തിനുള്ളിൽ ചെന്നൈയിലെത്തും. ഏകദേശം 60 ഹെക്ടർ കണ്ടൽക്കാടുകളിൽ എണ്ണ ഒഴുകിപരന്നു എന്നാണ് കണക്ക്.
ഒലിവ് റിഡ്‌ലി ആമകളുടെ കൂടുകൂട്ടൽ കാലം അടുക്കുകയാണ്. കടൽത്തീരങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലാത്തതിനാൽ ഈ എണ്ണ ചോർച്ച ഇവയെ ബാധിക്കാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജൈവവൈവിധ്യ ആഘാത വിലയിരുത്തൽ പൂർത്തിയായതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
Representative Image















