ലക്നൗ : അയോദ്ധ്യ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . വിമാനത്താവളത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
മുൻ പ്രധാനമന്ത്രി ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ തീയതി മാറ്റി നിശ്ചയിച്ചിരിക്കുകയാണ് .
ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ അയോദ്ധ്യ സന്ദർശിക്കുമെന്ന് ഉറപ്പായി. വിമാനത്താവളത്തിൽ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും . ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് വിമാനത്താവളത്തിന് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെർമിനലിന്റെ (പ്രധാന കെട്ടിടം) നിർമാണവും പൂർത്തിയായി. തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള ആദ്യ വിമാനം ഡിസംബർ 30ന് രാവിലെ 11.20ന് രാമനഗരിയിൽ എത്തും.
ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ 20 മിനിറ്റിനുള്ളിൽ യാത്രക്കാർ ഇവിടെയെത്തും. പ്രധാനമന്ത്രിയുടെ സന്ദർശന സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ആദ്യ വിമാനം ഇവിടെ എത്തിയ ശേഷമേ അദ്ദേഹം എത്തൂ എന്നാണ് റിപ്പോർട്ടുകൾ.