ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത (രണ്ട്) , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവ ലോക്‌സഭ പാസാക്കി. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകളാണ് ഇവ. ആഗസ്റ്റ് 11-നാണ് മൂന്ന് ബില്ലുകളും ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു.
സമിതി നിർദ്ദേശങ്ങൾ അനുസരിച്ച് ബില്ലുകളിൽ ഭേദഗതി വരുത്താനായി കേന്ദ്രം ബില്ലുകൾ താത്ക്കാലികമായി പിൻവലിച്ചു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്ത മാറ്റങ്ങൾ വരുത്തിയ ശേഷം ബില്ലുകൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 18 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, 22 നിയമ സർവ്വകലാശാലകൾ എന്നിവരുമായി കൂടിയാലോചിച്ചാണ് കരട് തയ്യാറാക്കിയതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
കൊളോണിയൽ ചിന്തയിൽ നിന്നും പൗരന്മാരെ മോചിപ്പിക്കുന്നതാണ ബില്ലുകളെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം നീക്കം ചെയ്തതായും പകരം രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ ശിക്ഷ അര്ഹിക്കുന്ന കുറ്റമായി നിയമനിർമ്മാണം കൊണ്ടുവന്നതായും ഷാ പറഞ്ഞു.
356 വകുപ്പുകളുണ്ടായിരുന്ന ഭാരതീയ ന്യായ സംഹിതയിൽ നിലവിൽ 358 വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. 22 വകുപ്പുകൾ റദ്ദാക്കാൻ നിർദ്ദേശിക്കുകയും 8 പുതിയ വകുപ്പുകൾ അവതരിപ്പിക്കുകയും ചെയ്തു. ജാതിയുടെയോ ഭാഷയുടെയോ വ്യക്തിപരമായ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോ ആളുകളുടെ സംഘടിത കുറ്റകൃത്യം, തീവ്രവാദം, കൊലപാതകം എന്നിവ കുറ്റകൃത്യങ്ങളായി ചേർത്തിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ നിലവിൽ 531 വകുപ്പാണുള്ളത്. ആദ്യ ബില്ലിൽ 533 വകുപ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയിൽ 22 വകുപ്പുകൾ റദ്ദാക്കാനും 9 വകുപ്പുകൾ അധികമായി ചേർക്കാനും നിർദ്ദേശിച്ചു. ദയാഹർജികൾക്കുള്ള സമയക്രമം, സാക്ഷികളുടെ സംരക്ഷണം, മൊഴി രേഖപ്പെടുത്തുന്നതിനും തെളിവുകൾക്ക് ഇലക്ട്രോണിക് സംവിധാനങ്ങൾക്കുള്ള അനുവാദം എന്നിവയ്‌ക്ക് തുടക്കമായി. അതേസമയം, ഭാരതീയ സാക്ഷ്യാ അധീനിയത്തിൽ മാറ്റമില്ല. 170 വകുപ്പുകളാണ് ബില്ലിൽ ഉൾപ്പെട്ടിട്ടുള്ളത്.