തൃശൂർ: കുചേലദിനത്തിൽ ഗുരുവായൂരപ്പന്റെ ദർശന പുണ്യം തേടി ഭക്തസഹസ്രങ്ങൾ. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ’ കരകയറ്റിയ ദിനത്തിന്റെ സ്മരണയിൽ നിരവധി ഭക്തരാണ് അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തിയത്. ഭക്തരുടെ അവിൽ സ്വീകരിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഗുരുവായൂരപ്പന് അവിൽപ്പൊതി സമർപ്പിച്ച് പുരാതന തറവാട്ടു കൂട്ടായ്മയുടെ നേതൃത്വത്തിൽ കുചേല ദിന വിളംബര ഘോഷയാത്രയും നടന്നു. വിശേഷാൽ അവിൽ വഴിപാട് രാവിലെ പന്തീരടി പൂജയ്‌ക്ക് ഗുരുവായൂരപ്പന് നേദിച്ചു. പന്തീരടി പൂജയ്‌ക്ക് ശേഷം അവിൽ നിവേദ്യവും നൽകി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്‌ക്കായി രാവിലെ മുതൽ കഥകളിപ്പദ കച്ചേരിയും അരങ്ങേറിയിരുന്നു.
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആചരിക്കുന്നു. പരമ ഭക്തയായ കുചേലന് സദ്ഗതി കിട്ടിയ പുണ്യദിനമാണ് കുചേല ദിനം. ഈ ദിവസം ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്യുന്നതും പുണ്യമാണെന്നാണ് വിശ്വാസം. ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തിലാണ് കുചേലന്റെ കഥ ഉള്ളത്.