തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11:30- ഓടെ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.















