പാറ്റ്‌ന: ബിഹാറിൽ വനിതാ ഇൻസ്പെക്ടറെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. കൈമൂർ ജില്ലയിലെ ഡിഎസ്പി ഫായിസ് അഹമ്മദ് ഖാനെയാണ് സസ്‌പെൻഡ് ചെയ്തത്. സഹപ്രവർത്തകയെ സ്ഥാനക്കയറ്റം നേടാൻ സഹായിക്കാമെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കൈമൂർ പ്രദേശത്ത് ജോലിചെയ്യുന്ന സഹപ്രവർത്തകയാണ് ഫായിസ് അഹമ്മദിനെതിരെ പരാതി നൽകിയത്. മോഹാനിയയിൽ സേവനമനുഷ്ഠിക്കുന്ന ഫായിസ് അഹമ്മദ് വാട്ട്സ്ആപ്പിൽ പതിവായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇയാളുടെ സമ്മർദ്ദത്തെ തുടർന്ന് സഹപ്രവർത്തക സ്ഥലം മാറി പോയിട്ടും ശല്യം തുടരുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതായി വനിത ഇൻസ്‌പെക്ടർ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു.
ഡിഎസ്പിക്കെതിരെ ഉയർന്ന ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ ബിഹാർ പോലീസ് അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞു.
അശ്ലീല വാട്ട്സ്ആപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും ഫായിസ് അഹമ്മദ് മായ്ച്ചു കളഞ്ഞതായും കണ്ടെത്തി. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന അന്വേഷണ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ.