കൊച്ചി : റിപ്പർ മോഡൽ കൊലപാതക കേസുകളിലെ പ്രതി കുഞ്ഞുമോൻ കുറ്റക്കാരനനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. എറണാകുളം നഗരത്തെ നടുക്കിയ ഒമ്പത് കൊലക്കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെയാണ് കോടതി വെറുതെ വിട്ടത്. തേവര കിണറ്റിങ്കൽ വീട്ടിൽ കുഞ്ഞുമോൻ സേവ്യറിനെയാണ് ഏറ്റവും ഒടുവിലെ കൊലക്കേസിലും വെറുതെ വിട്ടിരിക്കുന്നത്. ഒമ്പത് കൊലക്കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ട ഇയാൾ ഉടൻ പുറത്തിറങ്ങും.
മുമ്പ് എട്ട് കൊലക്കേസുകളുമായി ബന്ധപ്പെട്ട് സേവ്യറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുഹൃത്തായിരുന്ന ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ സേവ്യറിനെ വെറുതെ വിട്ടു. കടത്തിണ്ണകളിൽ ഉറങ്ങിക്കിടക്കുന്നവരെ കല്ല് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസുകളാണ് സേവ്യറിനെതിരെ പോലീസ് ചുമത്തിയത്.
ഒമ്പത് കേസുകളിൽ പോലീസ് പ്രതിയാക്കിയതോടെ കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാൾ ജയിലിലാണ്. 2016 മാർച്ച് ഏഴിന് എറണാകുളം നോർത്ത് സ്‌റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് സേവ്യർ ആദ്യം അറസ്റ്റിലായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ കൊലക്കേസ് ഒഴികെ മറ്റെല്ലാ കേസുകളിലും വിചാരണ കോടതികൾ സേവ്യറിനെ വെറുതെ വിട്ടു. ഇയാൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാനാകാത്തതിനാലാണ് വെറുതെ വിട്ടത്.