ന്യൂഡൽഹി: ഭാരതീയ ന്യായ (രണ്ട്) സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ട്) സംഹിത, ഭാരതീയ സാക്ഷ്യ (രണ്ട്) എന്നീ ക്രിമിനൽ ചട്ട ഭേദഗതി ബില്ലുകൾ രാജ്യസഭയുടെ പരിഗണനയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചത്. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറാണ് സഭാദ്ധ്യക്ഷൻ. ഡിസംബർ 20ന് ബില്ലുകൾ ലോക്‌സഭ പാസാക്കിയിരുന്നു.
2023ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലും കേന്ദ്രം ഉപരിസഭയിൽ അവതരിപ്പിക്കും. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെയും ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുടെയും വികസനം, വിപുലീകരണം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും ഏകീകരിക്കാനുമാണ് ഭേദഗതി. ലോക്‌സഭ ബില്ലുകൾ ബുധനാഴ്ച പാസാക്കിയിരുന്നു.
ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകളാണ് ഇവ. ആഗസ്റ്റ് 11-ന് മൂന്ന് ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നാലെ കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു.
സമിതി നിർദ്ദേശങ്ങൾ അനുസരിച്ച് ഭേദഗതി വരുത്താനായി ബില്ലുകൾ താത്ക്കാലികമായി കേന്ദ്രം പിൻവലിച്ചിരുന്നു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്ത മാറ്റങ്ങൾ വരുത്തിയ ശേഷം ബില്ലുകൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 18 സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, 22 നിയമ സർവ്വകലാശാലകൾ എന്നിവരുമായി കൂടിയാലോചിച്ചാണ് കരട് തയ്യാറാക്കിയതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.















