മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം വരച്ചു കാട്ടുന്ന ‘മേം അടൽ ഹൂ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ജനങ്ങൾക്കിടയിൽ തരംഗമാകുന്നു. രാഷ്‌ട്രീയ ചാണക്യനും രാഷ്‌ട്ര തന്ത്രജ്ഞനും കവിയും മനുഷ്യ സ്നേഹിയുമായ വാജ്പേയിയുടെ അതുല്യ ജീവിതം മനോഹരമായി ബിഗ് സ്ക്രീനിൽ എത്തിക്കുകയാണ് ചിത്രം. നടൻ പങ്കജ് ത്രിപാഠിയാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മഹാമേരുവിന്റെ വേഷം അഭിനയിക്കുന്നത്.
ട്രെയിലർ ഇറങ്ങി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ യൂട്യൂബിൽ മാത്രം കണ്ടത് 1.6 മില്ല്യണാണ്. ഉല്ലേഖ് എൻ.പി.യുടെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘മേം അടൽ ഹൂ’. രവി ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉത്കർഷ് നൈതാനിയാണ്.
കാർഗിൽ യുദ്ധം, കശ്മീർ വിഷയം, ജനസംഘത്തിന്റെ വളർച്ച, രാമജന്മഭൂമി, ലോക്സഭയിലേയ്‌ക്കുള്ള ആദ്യ ചുവടുവെയ്പ്പ്, ദേശീയത, രാഷ്‌ട്രീയ നിലപാടുകൾ എന്നിങ്ങനെയെല്ലാം കൃത്യമായി ട്രെയിലറിൽ വരച്ചു കാട്ടുന്നുണ്ട്. ചിത്രത്തിൽ സോണിയ ഗാന്ധിയായി പ്രത്യക്ഷപ്പെടുന്നത് പൗല മഗ്ലിനാണ്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ‘മേം അടൽ ഹൂ’ നിർമ്മിക്കുന്നത്. 2024 ജനുവരി 19-നാണ് സിനിമ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യുന്നത്.















