ടെൽ അവീവ് : പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ . ഇതിനായി ഇസ്രയേലിൽ നിന്നുള്ള സെലക്ടർമാരുടെ ഒരു സംഘം കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു . തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ആരംഭിക്കാൻ മറ്റൊരു പ്രതിനിധി സംഘവും അടുത്ത ആഴ്‌ച്ച ഇന്ത്യയിലേക്ക് എത്തും . ഏതാണ്ട് 160,000 ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് കൊണ്ടുവരാനാണ് ശ്രമം.
ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെയാണ് തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പാലസ്തീനികളെ പുറത്താക്കാൻ ഇസ്രായേൽ തീരുമാനിച്ചത് . “ഞങ്ങൾ ഡിസംബർ 27 ന് ഡൽഹിയിലും ചെന്നൈയിലും ഇതിനുള്ള നടപടികൾ ആരംഭിക്കും. ഇപ്പോൾ സർക്കാർ അനുമതികൾ പ്രകാരം 10,000 പേരെ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് , ഇത് എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് പിന്നീടിത് 30,000 ആയി ഉയർത്തും . ധാരാളം തൊഴിലാളികളെ ആവശ്യമായതിനാൽ നടപടികൾ പൂർത്തിയാകാൻ മാസങ്ങൾ എടുക്കും – ” ഇസ്രായേൽ ബിൽഡേഴ്സ് അസോസിയേഷന്റെ (ഐബിഎ) ഡെപ്യൂട്ടി ഡയറക്ടർ ജനറലും വക്താവുമായ ഷെയ് പോസ്നർ പറഞ്ഞു.
അടുത്തയാഴ്ച ആരംഭിക്കുന്ന സെലക്ഷൻ പ്രോസസ് 15 ദിവസം നീണ്ടുനിൽക്കുമെന്നും പോസ്നർ പറഞ്ഞു.തൊഴിലാളികളുടെ പ്രശ്‌നങ്ങളും സെലക്ഷൻ പ്രോസസും കൈകാര്യം ചെയ്യുന്ന ഐബിഎയുടെ ഡിവിഷന്റെ തലവനായ ഇസാക്ക് ഗുർവിറ്റ്‌സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ഇന്ത്യയിൽ എത്തിയിരുന്നു. ഐബിഎ ടീമിലെ മറ്റ് അംഗങ്ങളുമായി അടുത്ത ആഴ്ച സിഇഒ ഇഗാൽ സ്ലോവിക്കാണ് ഇന്ത്യയിൽ എത്തുക.
അടുത്തയാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടുന്ന പ്രതിനിധി സംഘത്തെ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ യെഹൂദ മോർഗൻസ്റ്റേണും അനുഗമിക്കും. ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു “ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്കുള്ള വിദേശ തൊഴിലാളികളുടെ വരവ് സംബന്ധിച്ച് ചർച്ച ചെയ്തു”, എന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
നിർമ്മാണ പദ്ധതികൾ തുടരാൻ ഇസ്രായേലിന് തൊഴിലാളികളെ അടിയന്തിരമായി ആവശ്യമുണ്ട്. ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലക്ഷക്കണക്കിന് ആളുകളെ വിദേശത്ത് നിന്ന് കൊണ്ടുവരാൻ കരാറുകാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . നിർമ്മാണ വ്യവസായത്തിലെ 80,000 തൊഴിലാളികളുള്ള ഏറ്റവും വലിയ സംഘം പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിൽ നിന്നും 17,000 പേർ ഗാസ മുനമ്പിൽ നിന്നുമാണ് വരുന്നത് . ഇവരിൽ ഭൂരിഭാഗത്തിന്റെയും വർക്ക് പെർമിറ്റുകൾ ഇസ്രായേൽ റദ്ദാക്കിയിട്ടുണ്ട്.