എറണാകുളം: കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം രജിസ്ട്രാർക്കെന്ന് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ദീപക് കുമാർ സാഹു. സത്യവാങ്മൂലത്തിൽ മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.ധിഷ്ണ എന്ന പരിപാടി നടന്നത് കുസാറ്റ് രജിസ്ട്രാറുടെ നിയന്ത്രണവിധേയമായ സ്ഥലത്താണെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കത്തിലൂടെയും നേരിട്ടും ആവശ്യപ്പെട്ടിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കൃത്യ നിർവഹണത്തിൽ വീഴ്ച പറ്റിയെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്തം രജിസ്ട്രാർക്കാണെന്നും ദീപക് കുമാർ കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ മൊഴി എടുക്കാൻ പോലീസ് തയാറായില്ലെന്നും മറുപടി സത്യാവാങ്മൂലത്തിൽ പറയുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് തെറ്റായ നീക്കമാണെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.