തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 16 ലിറ്റർ ചാരായവുമായി രണ്ട് പേർ എക്‌സൈസ് പിടിയിൽ. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ് ഖാൻ (47) പെരിങ്ങമ്മല സ്വദേശി അലി ജാസ്മി(35) എന്നിവരാണ് പിടിയിലായത്. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് എന്ന സ്ഥലത്തു നടന്ന പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്.
ക്രിസ്തുമസ് ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് വലിയ തോതിൽ ലഹരിവസ്തുക്കളുടെ കടത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് പരിശോധന കടുപ്പിച്ചിരിക്കുകയാണ്.















