തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ പുരോഗമിക്കവെ കേക്കിനും വൈനിനും ഡിമാൻഡ് വർദ്ധിച്ചിരിക്കുകയാണ്. വീട്ടിൽ തന്നെ ഇവ രണ്ടും തയാറാക്കുന്നവരാണ് അധികവും. എന്നാൽ ക്രിസ്തുമസ് പ്രമാണിച്ച് വൈനുണ്ടാക്കി അത് വിൽപ്പന നടത്തി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ പണമുണ്ടാക്കുന്നവർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം എക്‌സൈസ് വീട്ടിലെത്താനുള്ള സാധ്യതയേറെയാണ്.
ലൈസൻസ് ഇല്ലാതെ വൈൻ നിർമ്മിച്ച് വിൽപ്പന നടത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വന്നേക്കാം. കൂടാതെ ഒരു വർഷം ജയിലിൽ കിടക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണിത്. ലൈസൻസ് ഇല്ലാതെ വൈൻ നിർമ്മിച്ച് നൽകാമെന്ന് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചാരണം നടത്തി വിൽപ്പന വർദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലൈസൻസ് ഇല്ലാതെയുള്ള വൈൻ വിൽപ്പനയും നിർമ്മാണവും അബ്കാരി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.
പഴവും പഞ്ചസാരയും ഉൾപ്പെടെയുള്ള ചേരുവകൾ പുളിപ്പിച്ചെടുക്കുമ്പോൾ ആൽക്കഹോളിന്റെ അംശം രൂപപ്പെടും. ഈ സാഹചര്യത്തിലാണ് നിയമലംഘനമാകുന്നത്. 2022-ലെ കേരള അബ്കാരി നിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈൻ ഉണ്ടാക്കിയാൽ ജയിലിൽ വരെ കിടക്കേണ്ടി വന്നേക്കാം.















