ന്യൂഡൽഹി: പുതിയ ക്രിമിനൽ ചട്ടങ്ങൾ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലെ വഴിത്തിരിവാണ് ഇതെന്നും കൊളോണിയൽകാല നിയമങ്ങൾക്ക് ബില്ലുകൾ അന്ത്യം കുറിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. പൊതുജനസേവനവും ജനകീയക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെ രാജ്യം ഒരു പുതിയ യുഗം ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്‌കരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ബില്ലുകൾ. സാങ്കേതികവിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിയമ, നീതി, ന്യായ സംവിധാനങ്ങളെ ആധുനിക യുഗത്തിലേക്ക് കൊണ്ടുവരുന്നതാണ് ബില്ലുകൾ. സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബലരായ വിഭാഗങ്ങൾക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കാൻ ബില്ലുകൾക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മൂന്ന് ക്രിമിനൽ ബില്ലുകളും ഇന്ന് രാജ്യസഭയിൽ പാസായി. കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചത്. ഡിസംബർ 20ന് ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. ആഗസ്റ്റ് 11-ന് മൂന്ന് ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു. സമിതി ശുപാർശ ചെയ്ത മാറ്റങ്ങൾ വരുത്തി ബില്ലുകൾ ബില്ലുകൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്‌ക്ക് പകരമായാണ് അവതരപ്പിച്ചത്. ബില്ലുകൾ ഇനി രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. രാഷ്‌ട്രപതി ഒപ്പിടുന്നതോടെ ബില്ലുകൾ രാജ്യത്തെ നിയമമായി മാറും.















